തിരുവനന്തപുരം: പൊതുവിപണിയിൽ അരിവില ഉയർന്ന് നിൽക്കുമ്പോൾ സംസ്ഥാനത്തെ റേഷൻകടകളിൽ കെട്ടിക്കിടന്ന് നശിക്കുന്നത് 4,61,370 ക്വിന്റൽ ഭക്ഷ്യധാന്യം. പ്രധാനമന്തി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി (പി.എം.ജി.കെ.എ.വൈ) പ്രകാരം അനുവദിച്ച 4,48,920 ക്വിന്റൽ അരിയും 12,450 ക്വിന്റൽ ഗോതമ്പുമാണ് മൂന്നുമാസമായി വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നത്. പദ്ധതി വഴി ലഭിച്ച അരി നീല, വെള്ളകാർഡുകാർക്ക് വിതരണം ചെയ്യാനുള്ള അനുമതിതേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയെങ്കിലും അനുകൂലതീരുമാനം വന്നിട്ടില്ല. ഇതോടെ കടകളിലെ പച്ചരി, പുഴുക്കലരി ചാക്കുകളിൽ പൂപ്പൽ പിടിച്ച് തുടങ്ങിയിട്ടുണ്ട്.
കോവിഡ് മഹാമാരിക്കെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2020 ഏപ്രിൽമുതൽ കേന്ദ്രസർക്കാർ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം 7,74,002 ക്വിന്റൽ ധാന്യം കേരളത്തിന് അനുവദിച്ചത്. മുൻഗണനാവിഭാഗത്തിലുൾപ്പെടുന്ന ഓരോ കാർഡുടമക്കും അഞ്ച് കിലോ അരി പദ്ധതിയിലൂടെ ലഭിച്ചു. കോവിഡ് ഭീഷണിമാറിയതോടെ കഴിഞ്ഞ ഡിസംബറിൽ പദ്ധതി അവസാനിപ്പിച്ചു. എന്നാൽ, ഡിസംബറിൽ പദ്ധതി അവസാനിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം എഫ്.സി.ഐയെ അറിയിച്ചിട്ടും എഫ്.സി.ഐയിൽനിന്ന് റേഷൻകടകളിലേക്ക് പദ്ധതി പ്രകാരമുള്ള റേഷനരി എത്തുന്നത് ഡിസംബർ 20ന് ശേഷമാണ്.
ഇതോടെ ഭൂരിഭാഗം കാർഡുടമകൾക്കും റേഷൻ കൈപ്പറ്റാനായില്ല. ജനുവരിയിൽ ബാക്കിയുള്ള അരി ഇ-പോസ് വഴി വിതരണം ചെയ്യുന്നതിനുള്ള അനുമതിയും കേന്ദ്രം നൽകില്ല. ഇതോടെയാണ് പാവങ്ങൾക്ക് അർഹതപ്പെട്ട അരി കടകളിലിരുന്ന് നശിക്കാൻ തുടങ്ങിയത്.ആലപ്പുഴ ജില്ലയിലാണ് കൂടുതൽ അരി കെട്ടിക്കിടക്കുന്നത് (22,225 ക്വിന്റൽ). സംസ്ഥാനത്തെ നൂറിലധികം കടകളിലായി 20 മുതല്‍ 100 ചാക്കുവരെ കെട്ടിക്കിടക്കുന്നതായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
പി.എം.ജി. കെ.വൈ പദ്ധതി പ്രകാരം അനുവദിക്കുന്ന അരി മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാന്‍ കേന്ദ്രത്തിന് സാധിക്കും. നിലവിൽ നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി, കിലോക്ക് നാലു രൂപ നിരക്കിലും വെള്ളകാർഡിന് എട്ട് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിലുമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഈ സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന അരി നീല, വെള്ള കാർഡുകാർക്കും ഗോതമ്പ് മുൻഗണനവിഭാഗത്തിനും നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.