കൊച്ചി: ലഹരിവർജനമെന്ന നയം പ്രാവർത്തികമാക്കാനുള്ള നടപടികൾ സംസ്ഥാനത്ത് എവിടെയുമെത്തിയിട്ടില്ലെന്ന് കൂടുതൽ വ്യക്തമാക്കി മദ്യപരിൽനിന്ന് പിരിച്ചെടുത്ത നികുതിയുടെ കണക്കുകൾ. അഞ്ചുവർഷംകൊണ്ട് ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചത് 46,546.13 കോടി രൂപയാണ്. 94,22,54,386 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 42,23,86,768 ലിറ്റർ ബിയറും 55,57,065 ലിറ്റർ വൈനുമാണ് അഞ്ചുവർഷംകൊണ്ട് കുടിച്ചുതീർത്തത്. യു.ഡി.എഫ് അധികാരത്തിലിരുന്ന 2011-12 സാമ്പത്തിക വർഷം മുതൽ 2015-16 വരെ മദ്യനികുതിയായി 30,770.58 കോടിയാണ് ലഭിച്ചത്. എന്നാൽ, തുടർന്നുവന്ന ഇടതുസർക്കാറിന് 15,775.55 കോടി അധികം മദ്യനികുതിയായി ലഭിച്ചിട്ടുണ്ടെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവിസസ് ടാക്സ് കമീഷണറേറ്റിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ നിർമിത ബിയറിന് 112 ശതമാനമാണ് നികുതി. 400 രൂപയിൽ കൂടുതൽ വിലയുള്ളതും ഇറക്കുമതി നികുതി അടക്കാത്തതുമായ വിദേശമദ്യം ഒരു കെയ്സിന് 247 ശതമാനവുമാണ് നികുതി. 400 രൂപക്ക് താഴെ വിലയുള്ള വിദേശമദ്യം ഒരു കെയ്സിന് 237 ശതമാനവും നികുതിയുണ്ട്. 2018 മുതൽ 2020 വരെ കാലത്താണ് ഏറ്റവുമധികം നികുതി മദ്യവിൽപനയിലൂടെ ലഭിച്ചത്. കോവിഡ് രൂക്ഷമായ കാലമായിരുന്നിട്ടും ജനങ്ങളുടെ മദ്യാസക്തിക്ക് ഒരു കുറവുമുണ്ടായില്ലെന്നതാണ് ഇത് തെളിയിക്കുന്നതെന്ന് ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വർഷം, മദ്യവിൽപനയിലൂടെ ലഭിച്ച നികുതി തുക
2016-17 -8571.49 കോടി
2017-18 -8869.96 കോടി
2018-19 -9615.54 കോടി
2019-20 -10332.39 കോടി
2020-21 -9156.75 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.