വധശ്രമം ആവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -വി.ഡി. സതീശൻ

തലശ്ശേരി: മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ പൊലീസുകാരും ഡി.വൈ.എഫ്.ഐ ക്രിമിനലുകളുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. ശബ്ദം ഉയര്‍ത്താനോ പ്രതിഷേധിക്കാനോ പാടില്ലെന്നാണ്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ഹിറ്റ്‌ലറുടെ ജര്‍മ്മനിയും അല്ല. കേരളമാണെന്ന് സതീശൻ പറഞ്ഞു. സി.പി.എം ക്രിമിനലുകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെയാണ് രക്ഷാപ്രവര്‍ത്തനമെന്നും അത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയത് വധശ്രമമാണെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. എന്നിട്ടും എത്ര ഹീനമായ പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്? പൊലീസ് കേസെടുക്കണം.

കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കും. വധശ്രമം ഇനിയും ആവര്‍ത്തിക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. പൊലീസ് കസ്റ്റഡിയില്‍ പോലും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. കസ്റ്റഡിയിലുള്ളവെര സംരക്ഷിക്കാന്‍ കഴിയാത്ത പൊലീസ് ആരുടെ ജീവനും സ്വത്തുമാണ് സംരക്ഷിക്കുന്നത്.

നവകേരള സദസിന് ആളില്ലാത്തത് കൊണ്ടാണ് സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടികളെ വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചപ്പോള്‍ ബാലാവകാശ കമീഷന്‍ എവിടെ പോയി? കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാ വര്‍ക്കര്‍മാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ നേതൃത്വം നല്‍കിയ നേതാക്കളാണ് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവേറുകളാണെന്ന് പറയുന്നത്. അടിമകളെ പോലെയാണ് അവര്‍ പെരുമാറുന്നത്. നവകേരള ബസല്ല, അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ പോയപ്പോള്‍ മുഖ്യമന്ത്രി ഇരുന്ന കസേരയാണ് മ്യൂസിയത്തില്‍ വയ്‌ക്കേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - A case should be filed against the Pinarayi Vijayan who called for a repeat of the assassination attempt -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.