തിരുവനന്തപുരം: പൊതു സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ ആണ് ഉണ്ടാവുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സവിശേഷ സ്വഭാവമുള്ള സർവകലാശാലകൾക്ക് അതാത് വിഷയവുമായി ബന്ധപ്പെട്ട മികച്ച വിദ്യാഭ്യാസ വിദഗ്ധൻ ചാൻസലറാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരള, കാലിക്കറ്റ്, കണ്ണൂർ, എം.ജി, സംസ്കൃതം, മലയാളം സർവകലാശാലകൾക്ക് ഒരു ചാൻസലർ മാത്രമാണ് ഉണ്ടാവുക. കുസാറ്റ്, കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല എന്നിവക്ക് ടെക്നോളജി മേഖലയിൽ പരിജ്ഞാനമുള്ള വിദഗ്ധരെ ചാൻസലറായി നിയമിക്കാൻ കഴിയും.
അതേസമയം, കാർഷിക, ആരോഗ്യ, ഫിഷറീസ് സർവകലാശാലകൾക്ക് അതാത് വിഷയവുമായി ബന്ധപ്പെട്ടവരെ പ്രത്യേക ചാൻസലർമാരായി നിയമിക്കാമെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. ഓർഡിനൻസ് പ്രകാരം മന്ത്രിമാർക്കും വിദ്യാഭ്യാസ വിദഗ്ധർക്കും ചാൻസലർ പദവിയിൽ എത്താനാവും. നിയമസർവകലാശാല ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടെയും ചാൻസലർ നിലവിൽ ഗവർണറാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെകുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ശ്യാം ബി. മേനോൻ കമീഷന്റെയും എൻ.കെ. ജയകുമാർ കമീഷന്റെയും റിപ്പോർട്ടുകൾ സർക്കാറിന്റെ പരിഗണനയിലാണ്. ശ്യാം ബി. മേനോൻ റിപ്പോർട്ടിലെ ശിപാർശ അനുസരിച്ച് ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർ വേണം.
അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാൻസലറാക്കണമെന്നാണ് ശിപാർശ. മുഖ്യമന്ത്രിയെ വിസിറ്റർ ആക്കണമെന്നുമുണ്ട്. ജയകുമാർ കമീഷൻ റിപ്പോർട്ടിൽ ചാൻസലർ ഗവർണർ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശിപാർശ.
അതേസമയം, ഓർഡിനൻസിൽ ഗവർണറാണ് ഒപ്പിടേണ്ടത്. എന്നാൽ, സർക്കാറുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിടാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ നിയമസഭ സമ്മേളനം വിളിക്കാനുള്ള നീക്കവും സർക്കാറിനുണ്ട്. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭാസമ്മേളനം ചേർന്ന് ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിക്കാനാണ് ധാരണ. ഓരോ സർവകലാശാലയുടെയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് സര്ക്കാര് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.