പുനർവിവാഹത്തിന്​ പരസ്യം നൽകിയ യുവാവിനെ കബളിപ്പിച്ച്​ ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

പത്തനംതിട്ട: പുനർവിവാഹ പരസ്യം നൽകിയയാളെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽനിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടിൽ വാടകക്ക്​ താമസിക്കുന്ന വി. ആര്യയാണ്​ (36) കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.

കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് 2020 മേയ് നാല് മുതൽ രണ്ട് മൊബൈൽ ഫോണുകളിൽനിന്ന് നിരന്തരം വിളിച്ച പ്രതി തന്‍റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന്​ പറഞ്ഞ്​ വിശ്വസിപ്പിച്ചു. തുടർന്ന് മേയ് 17 മുതൽ ഡിസംബർ 22 വരെ അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു എന്നാണ് കേസ്.

കൂടാതെ, 22,180 രൂപ വിലയുള്ള പുതിയ മൊബൈൽ ഫോണും കൈക്കലാക്കി. ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവാവ്​ ഈവർഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്.പിക്ക്​ പരാതി നൽകി. കോയിപ്രം പൊലീസ്​ കേസെടുത്ത് എസ്.ഐ രാകേഷ് കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. അന്വേഷണത്തിൽ പ്രതിക്ക് സഹോദരിയില്ലെന്നും സഹോദരിയുടെ പേരുപറഞ്ഞു യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും വ്യക്തമായി.

ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. പ്രതിയുടെ കൈയിൽനിന്ന് ഫോണും പിടിച്ചെടുത്തു.

Tags:    
News Summary - A young woman who cheated a young man who advertised for remarriage and cheated her out of lakhs was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.