ലോക മലയാളികൾ മനസ്സിലെ നന്മയുടെ മുത്തുകോർത്ത് കൊലമരത്തിൽനിന്ന് രക്ഷിച്ച അബ്ദുറഹീം നാടണയുന്നതിന് നാളുകളെണ്ണി നാട്ടുകാർ. ഒന്നര വ്യാഴവട്ടക്കാലമായി റിയാദ് ജയിലിൽ കഴിയുന്ന റഹീമിന് പ്രത്യാശ പകർന്ന് ദിയാധനമായ 34 കോടി രൂപ നാട്ടുകാരുടെ നേതൃത്വത്തിൽ സമാഹരിച്ചത് വെള്ളിയാഴ്ചയോടെയാണ്. ഇതോടെ റഹീമിനെ ഉടൻ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ഇതിനിടെ, ധനസമാഹരണത്തിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കുകയാണ് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണീ അവകാശവാദം.
കുറിപ്പ് പൂർണ രൂപത്തിൽ
നമ്മൾ ഒന്നടങ്കം സന്തോഷിച്ച സമയമായിരുന്നു നമ്മുടെ സഹോദരൻ അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞത്... ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ആയിരുന്നു ആ സഹോദരൻ 18 വർഷം സൗദിയിൽ ജയിലിൽ കിടന്നത്... പക്ഷേ ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാൻ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളർച്ചയാണ്... ഡിജിറ്റൽ പെയ്മെന്റ് സിസ്റ്റം ഭാരതത്തിൽ അതിവേഗം വ്യാപകമായത് ആണ് ഒറ്റ ക്ലിക്കിൽ 34 കോടി രൂപ മണിക്കൂറുകൾ കൊണ്ട് സമാഹരിക്കാൻ കഴിഞ്ഞത്..
UPI എന്ന Unified Payments Interface എന്ന സാങ്കേതിക വളർച്ചയാണ് ഇത്രയും പണം പെട്ടെന്ന് സമാഹരിക്കാൻ കഴിഞ്ഞ അത്ഭുത നേട്ടത്തിന് കാരണമായത്...ഇന്ത്യ ഇന്ന് ഡിജിറ്റൽ എക്കണോമിയായി മാറിയിരിക്കുന്നു.. ബിൽ ഗേറ്റ്സ് ഈയിടെ പറഞ്ഞത് ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിന്റെ യഥാർത്ഥ പ്രശംസയായി കാണുന്നു.. ബിൽ ഗേറ്റ്സ് പറഞ്ഞത്.. " " ഇന്ത്യ ഡിജിറ്റൽ സൂപ്പർ പവർ ആയി മാറിയിരിക്കുന്നു.. ഈ വളർച്ച എന്നെ അത്ഭുതപ്പെടുത്തുന്നു""...
അബ്ദുൽ റഹീമിന്റെ അമ്മയുടെ പ്രാർത്ഥന ഫലം കണ്ടിരിക്കുന്നു.. ഇതിനു വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ശ്രീ ബോബി ചെമ്മണ്ണൂരിനും, സമൂഹത്തിനും നന്ദി... മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസനരംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ ഈ അവസരത്തിൽ എല്ലാവരും രാഷ്ട്രീയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.,. പത്മജ വേണുഗോപാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.