കോഴിക്കോട്: നാലരപതിറ്റാണ്ടിലേറെയായി ബാലികേറാമലയായ ബാലുശ്ശേരി അസംബ്ലി നിയോജക മണ്ഡലത്തിൽ നിർണായക നീക്കവുമായി കോൺഗ്രസ്. പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ നടനും അവതാരകനുമായ ധർമജൻ ബോൾഗാട്ടിയെ ഇറക്കി പിടിച്ചെടുക്കാനാണ് കോൺഗ്രസും യു.ഡി.എഫും ആലോചിക്കുന്നത്. 2008ലെ മണ്ഡല പുനർനിർണയത്തിന് മുമ്പും ശേഷവും എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി.
ആറ് വട്ടം കോൺഗ്രസ് എസ്, എൻ.സി.പി ടിക്കറ്റിൽ എ.സി ഷൺമുഖദാസ് ജയിച്ച ബാലുശ്ശേരിയിൽ കഴിഞ്ഞ രണ്ട് തവണയായി സി.പി.എമ്മിലെ പുരുഷൻ കടലുണ്ടിയെയാണ് മണ്ഡലം തുണച്ചത്. മണ്ഡലത്തിലെ ഒമ്പതിൽ മൂന്ന് പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ എം.കെ രാഘവന് 9745 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ ബാലുശ്ശേരി ആഞ്ഞുപിടിച്ചാൽ കൈയ്യിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് പോരിനുള്ള പേര് ധർമജനിലേക്ക് നീണ്ടത്.
കോൺഗ്രസുകാരനാണെന്ന് നേരത്തേ പരസ്യമായി പ്രഖ്യാപിച്ച നടനാണ് ധർമജൻ. ഇദ്ദേഹത്തെ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് പ്രവർത്തകരടക്കം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ധർമജൻ സജീവമായി പങ്കെടുത്തിരുന്നു. ജനശ്രീ പരിപാടിയിലും എകരൂൽ വ്യാപാരഭവനിൽ നടന്ന രാഹുൽ ബ്രിഗേഡ് ലോഗോ പ്രകാശനത്തിലും സംബന്ധിച്ചു. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും സേവാദളിലും പ്രവർത്തിച്ച ധർമജന് ബാലുശ്ശേരിയിലെ നിരവധി കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധമുണ്ട്. വരുംദിവസങ്ങളിലും ധർമജൻ ബാലുേശ്ശരി മണ്ഡലത്തിലെ വിവിധ ഇടങ്ങളിലെത്തുന്നുണ്ട്.
കോൺഗ്രസുകാരനാണെന്ന് എന്നും ഉറക്കെ പറയുന്നയാളാണ് താനെന്നും പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കുമെന്നും ധർമജൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാറിന്റെ അവസാനം കുറിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കണം. യു.ഡി.എഫിന് അനുകൂല സ്ഥിതിയാണിപ്പോൾ. പിണറായി സർക്കാറിന്റെ ഭരണനേട്ടങ്ങൾ ഗിമ്മിക്ക് മാത്രമാണെന്നും ധർമജൻ പറഞ്ഞു. ഇതു വരെ ചർച്ച നടന്നിട്ടില്ലെന്നാണ് താരം പറയുന്നത്. എന്നാൽ, ആദ്യവട്ട ചർച്ച നടന്നിരുന്നു തോൽക്കുന്ന സീറ്റായാലും ജയിക്കുന്ന സീറ്റായാലും പൊരുതുന്ന സീറ്റായാലും പാർട്ടി പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുമെന്നാണ് ധർമജെൻറ നിലപാട്.
അതേസമയം, മുന്നണി തല ചർച്ചകൾക്ക് ശേഷമേ ബാലുശ്ശേരിയിലെ സ്ഥാനാർഥിത്വം അന്തിമ തീരുമാനമാകൂ. കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ യു.സി രാമനാണ് മത്സരിച്ചത്. ലീഗും കോൺഗ്രസും കഴിഞ്ഞ തവണ കുന്ദമംഗലവും ബാലുശ്ശേരിയും പരസ്പരം മാറ്റിയതായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി െക.എം സചിൻ ദേവിനെയാണ് സി.പി.എം ബാലുശ്ശേരിയിൽ പരിഗണിക്കുന്നത്. നാദാപുരവും ബാലുശ്ശേരിയും തമ്മിൽ സി.പി.ഐയും സി.പി.എമ്മും വെച്ചുമാറിയാൽ സി.പി.ഐ ജില്ല സെക്രട്ടറിയും മുതിർന്ന നേതാവുമായ ടി.വി ബാലനും ബാലുശ്ശേരിയിൽ എൽ.ഡി.എഫ് സാധ്യതപട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.