നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്‍റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞുപഠിപ്പിക്കുന്ന മൊഴി കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിനെതിരെ അന്വേഷണസംഘം ശേഖരിച്ച നിർണായ ശബ്ദരേഖ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. അഭിഭാഷകർ നടനും കേസിലെ പ്രതിയുമായ ദിലീപിന്‍റെ സഹോദരൻ അനൂപിനെ മൊഴി നൽകേണ്ടത് എങ്ങനെയെന്ന് പറഞ്ഞുപഠിപ്പിക്കുന്നതെന്ന് കരുതുന്ന രണ്ട് ശബ്ദരേഖയാണ് സമർപ്പിച്ചത്. അഭിഭാഷകൻ അനൂപിനെ കാര്യങ്ങൾ പറഞ്ഞുപഠിപ്പിക്കുന്ന രണ്ട് മണിക്കൂറുള്ള സംഭാഷണഭാഗം, ഇതിൽ സംശയമുള്ള ഭാഗങ്ങൾ വ്യക്തത വരുത്താൻ ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ പഠിപ്പിക്കുന്ന മറ്റൊരു ഭാഗം എന്നിങ്ങനെയാണ് ശബ്ദരേഖ.

ദിലീപിന്‍റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ മദ്യപിക്കുമെന്നും നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിലായിരുന്നെന്നും തുടങ്ങി വാദത്തിന് എങ്ങനെ മൊഴിനൽകണമെന്ന് വിശദീകരിക്കുകയാണ് അഭിഭാഷകൻ.

മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകന്‍ ചോദിക്കുമ്പോള്‍ ''എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല'' എന്ന് അനൂപ് മറുപടി പറയുന്നു. എന്നാല്‍, മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ''വീട്ടില്‍നിന്ന് പോകുന്നതിന്റെ മുമ്പുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണം. വീട്ടില്‍ എല്ലാവര്‍ക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടന്‍ നോക്കാം എന്നു പറഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മില്‍ ഞങ്ങളുടെ മുന്നില്‍വെച്ച് തര്‍ക്കമുണ്ടായിട്ടില്ലെന്നും പറയണം. 10 വര്‍ഷത്തില്‍ കൂടുതലായിട്ട് ചേട്ടന്‍ മദ്യം തൊടാറില്ലെന്നും പറയണം''- അഭിഭാഷകൻ പറയുന്നു.

ഇതിനുപുറമെ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു എന്ന വാദത്തിന് നല്‍കേണ്ട മൊഴികളും അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നെന്ന് പറയണമെന്നുമാണ് അഭിഭാഷകന്റെ നിര്‍ദേശം. ഇനി എന്തെങ്കിലും ചോദിച്ചാല്‍ ചോദ്യം മനസ്സിലായില്ലെന്ന് പറഞ്ഞാല്‍ മതി. ബാക്കിയൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്.

''ചേട്ടനോട് ശത്രുതയുള്ളവർ ചേട്ടന്റെ ശത്രുക്കളല്ല. ചേട്ടനോട് ശത്രുതയുള്ള ലിബർട്ടി ബഷീർ, ശ്രീകുമാർ മേനോൻ അങ്ങനെ ചിലരുണ്ട്. വളരെ കുറച്ചുപേരെയുള്ളൂ. പിന്നെ പെല്ലിശ്ശേരിയെപോലുള്ള ചില സിനിമ മാസികയിൽ എഴുത്തുകാരെന്നു പറയുന്ന കുറച്ചുപേര്. എന്നാൽ, ചേട്ടന് അവരോട് ശത്രുത ഉണ്ടെന്നു തോന്നുന്നില്ല'' എന്നും പഠിപ്പിക്കുന്നു. ചാലക്കുടിയിലെ സ്ഥലവുമായി ബന്ധപ്പെട്ട വിവാദം, മറ്റ് ചിലയിടങ്ങളിൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മഞ്ജു വാര്യരുമായി പിണങ്ങാനുണ്ടായ കാരണങ്ങൾ, ദിലീപിനോട് ശത്രുതയുണ്ടായിരുന്നവരെക്കുറിച്ച പരാമർശങ്ങൾ എന്നിവയെല്ലാമാണ് ശബ്ദരേഖയിലുള്ളത്.

അന്വേഷണ വിവരങ്ങൾ ചോർത്തിനൽകുന്നില്ലെന്ന് ഡി.ജി.പി ഉറപ്പാക്കണം -ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ ചോർത്തിനൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈകോടതി. നടിയെ ആക്രമിച്ച കേസിലെയും വധഗൂഢാലോചന നടത്തിയെന്ന കേസിലെയും വിവരങ്ങൾ വിചാരണ പൂർത്തിയാകുന്നതുവരെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്​ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീഭർത്താവ് ടി.എൻ. സുരാജ് നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ്​ ഡി.ജി.പിക്ക് ഈ നിർദേശം നൽകിയത്​.

ഇരുകേസിലും കോടതികളുടെ ഉത്തരവുകളല്ലാതെ സുരാജിനെക്കുറിച്ച മറ്റുവാർത്തകൾ റിപ്പോർട്ടർ ചാനൽ മൂന്നാഴ്ചത്തേക്ക് സംപ്രേഷണം ചെയ്യുന്നത്​ തടഞ്ഞു. അന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക്​ ചോർത്തി നൽകുന്നെന്നതടക്കമുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് എന്നിവർ മറുപടി സത്യവാങ്മൂലം നൽകാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്​. ഹരജി വീണ്ടും ഈ മാസം 29ന്​ പരിഗണിക്കാൻ മാറ്റി.

കോടതിയിൽ സമർപ്പിക്കുന്ന രേഖകളാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെന്നും മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിനൽകുന്നില്ലെന്നും സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിൽ സുരാജ് പ്രതിയല്ലാത്തതിനാൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ഹരജിക്കാരൻ സമർപ്പിച്ച തെളിവുകൾ പരിഗണിച്ച കോടതി ഡി.ജി.പിക്ക്​ നിർദേശം നൽകുകയായിരുന്നു.

അന്വേഷണത്തിന്‍റെയും വിചാരണയുടെയും ഘട്ടത്തിൽ കുറ്റക്കാരും വിശ്വസ്തരായ സാക്ഷികളും ആരൊക്കെയാണെന്ന തരത്തിലെ വാർത്തകളൊഴികെ മാധ്യമതാൽപര്യങ്ങളും ചർച്ചകളും ജനാധിപത്യരാജ്യത്ത് അനുവദനീയമാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരുടെ അവകാശങ്ങൾ ചവിട്ടിമെതിക്കാനുള്ളതല്ല. കോടതിയുടെ അധികാരം കവർന്നെടുക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. നീതിയുക്തമായ വിചാരണയെന്ന പ്രതികളുടെ അവകാശത്തെ ഹനിക്കുന്ന തരത്തിലെ മാധ്യമ വിചാരണ കോടതിയലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Actress assault case Dileep's brother Anoop's recording in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.