കൊച്ചി: പ്രവേശന പരീക്ഷകൾക്കൊപ്പം ഇത്തവണ പ്ലസ് ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി തള്ളി. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. അതേസമയം, സുപ്രീംകോടതി അനുവദിച്ച ഇംപ്രൂവ്മെൻറ് പരീക്ഷയെഴുതിയ കുട്ടികൾക്ക് ഫലപ്രഖ്യാപനം വരുന്ന മുറക്ക് മാർക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ സമയം നീട്ടിനൽകണമെന്ന് എൻട്രൻസ് കമീഷണർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകി.
സംസ്ഥാന സിലബസിൽ ഇത്തവണ പ്ലസ് ടു പരീക്ഷ നടത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പരീക്ഷ നടത്തിയില്ലെന്ന് ഹരജിയിൽ പറയുന്നു. അതിനാൽ എൻജിനീയറിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം പ്ലസ് ടുവിെൻറ മാർക്ക് പരിഗണിക്കരുതെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പരീക്ഷ നടത്തിയില്ലെങ്കിലും സുപ്രീംകോടതി അംഗീകരിച്ച ഒരു സ്കീം പ്രകാരം ഫലപ്രഖ്യാപനം നടത്തിയിരുന്നെന്നും ഇൗ മാർക്ക് എൻജിനീയറിങ് പ്രവേശനത്തിനുവേണ്ടി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും സർക്കാർ വാദിച്ചു. ഇൗ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ച് ഹരജികൾ തള്ളിയത്.
സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സിലബസുകളിൽ 10ാം ക്ലാസിലെയും 11ാം ക്ലാസിലെയും മാർക്കുകൾകൂടി പരിഗണിച്ച് ഫലപ്രഖ്യാപനം നടത്താനുള്ള സ്കീമിനാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഇൗ ഫലം തൃപ്തികരമല്ലെന്ന് തോന്നുന്ന കുട്ടികൾക്ക് ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതാനും സുപ്രീംകോടതി അനുമതി നൽകിയിരുന്നു. സി.ബി.എസ്.ഇ സിലബസിലും ഐ.സി.എസ്.ഇ സിലബസിലും ഇംപ്രൂവ്മെൻറ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, എൻജിനീയറിങ് പ്രവേശനത്തിന് വെബ്സൈറ്റിൽ പ്ലസ് ടുവിെൻറ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം ഈ മാസം 17ന് അവസാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമയം നീട്ടിനൽകണമെന്ന് ഹരജിക്കാരിൽ ചിലർ ആവശ്യപ്പെട്ടു.
തുടർന്നാണ് ഇംപ്രൂവ്മെൻറ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കുട്ടികൾക്ക് റിസൽറ്റ് വരുന്ന മുറക്ക് മാർക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന വിധത്തിൽ സമയം നീട്ടിനൽകണമെന്ന് സിംഗിൾ ബെഞ്ച് എൻട്രൻസ് കമീഷണർക്ക് നിർദേശം നൽകിയത്. മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടി നൽകാമോയെന്ന് നേരേത്ത സർക്കാറിനോട് ആരാഞ്ഞെങ്കിലും പ്രവേശന നടപടികൾ പൂർത്തിയാക്കാൻ എ.ഐ.സി.ടി.ഇ അനുവദിച്ച സമയം നീട്ടിനൽകിയാൽ ഇത് പരിഗണിക്കാമെന്ന് സർക്കാർ മറുപടി നൽകിയിരുന്നു. എന്നാൽ, പ്രവേശനത്തിനുള്ള സമയം നീട്ടാനാവില്ലെന്ന് എ.ഐ.സി.ടി.ഇ വ്യക്തമാക്കി. തുടർന്നാണ് ഹൈേകാടതി എൻട്രൻസ് കമീഷണർക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.