കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിൽ ഇടതു സർക്കാറിനും സി.പി.എമ്മിനും രാഷ്ട്രീയ നിലപാടില്ലാത്തതിനെതിരെ പാർട്ടി സമ്മേളനങ്ങളിൽ ചോദ്യമുയരുന്നു. ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാളയുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞ്, ആർജവമുള്ള രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കഴിയാത്തതാണ് ചർച്ചയാകുന്നത്.
എ.ഡി.ജി.പി അടക്കമുള്ളവർക്കെതിരെ ഇടത് എം.എൽ.എ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ ‘നേരിട്ട്’ സി.പി.എം പോളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിൽ, ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ലഭിക്കട്ടെ എന്നും അതുവരെ ക്രമസമാധാന ചുമതലയിൽനിന്നുപോലും എ.ഡി.ജി.പിയെ മാറ്റില്ലെന്നുമാണ് പറഞ്ഞത്. ആർ.എസ്.എസ് കൂടിക്കാഴ്ചയെ പൂർണമായും തള്ളിപ്പറയാതെ അഴകൊഴമ്പൻ സമീപനമാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയും സ്വീകരിച്ചത്.
സി.പി.എം ഭരണത്തിൽ നിർണായക പദവി വഹിക്കുന്നൊരാൾ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നത് പാർട്ടിയുടെ വർഗീയ വിരുദ്ധ അസ്തിത്വം ചോദ്യംചെയ്യപ്പെടുന്നതാണ്. സ്വാഭാവികമായും ഇക്കാര്യത്തിൽ നിയമപരമായ അന്വേഷണത്തിനപ്പുറം രാഷ്ട്രീയ നിലപാട് സ്വീകരിച്ചുള്ള നടപടിയാണ് ഉണ്ടാവേണ്ടത്. ഭരണ മുന്നണിയിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജും അടക്കമുള്ളവർ എ.ഡി.ജി.പിയെ മാറ്റണമെന്ന രാഷ്ട്രീയ ആവശ്യം പരസ്യമായി ഉന്നയിച്ചിട്ടും പാർട്ടിയും സർക്കാറും അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ്. ഇതെല്ലാം പ്രാദേശികതലത്തിലെ സമ്മേളനങ്ങളിൽ വിമർശനമായി ഉയരുന്നുണ്ട്.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ ആർ.എസ്.എസ് നേതാക്കളെ കാണുന്നതോ സംസാരിക്കുന്നതോ നിയമത്തിന്റെ ദൃഷ്ടിയിൽ തെറ്റ് കാണാവുന്ന കാര്യമല്ല. അതേസമയം, കൂടിക്കാഴ്ചക്ക് പോയ എ.ഡി.ജി.പി ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ ദുരൂഹതയുണ്ട്. ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കിൽ വിവാദ യാത്ര രേഖയായി മാറാതിരിക്കാനാണ് സ്വകാര്യ വാഹനം ഉപയോഗിച്ചത് എന്ന സംശയം ഉയർന്നതിനാൽ കൂടിക്കാഴ്ചയും ആശയവിനിമയവും എന്തിനെന്ന ചോദ്യവും പ്രസക്തമാണ്.
എ.ഡി.ജി.പിയെ മാറ്റിനിർത്തിയാൽ പിന്നീട് ആരോപണങ്ങളുടെ കുന്തമുന പൂർണമായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയിലേക്കാവുമെന്നുറപ്പാണ്. ഇത് മുൻ സർക്കാർ കാലത്തെപോലെ മുഖ്യമന്ത്രിയുടെ ഓഫിസിനെ വീണ്ടും കരിനിഴലിലാക്കുമെന്നത് അറിയാവുന്നതിനാലാണ് പിണറായി നിലപാട് പ്രഖ്യാപിച്ച് രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.