അനധികൃത സ്വത്ത് സമ്പാദനക്കേസിലും എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന് ക്ലീൻചിറ്റ്

അനധികൃത സ്വത്ത് സമ്പാദനക്കേസിലും എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം: തൃശൂർ പൂരം അ​ലങ്കോലമാക്കിയ കേസിന്​ പിന്നാലെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലും എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന് ക്ലീൻചിറ്റ്. റിപ്പോർട്ട് തിങ്കളാഴ്ച വിജിലൻസ് മേധാവി യോഗേഷ്​ഗുപ്ത സർക്കാറിന് സമർപ്പിച്ചു. പൂരം അ​ലങ്കോലമാക്കിയ കേസിൽ ക്രൈംബ്രാഞ്ച്​ നേരത്തേ ക്ലീൻചിറ്റ്​ നൽകിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്​.പിയുടെ ക്യാമ്പ്​ ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എ.ഡി.ജി.പിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

സ്വർണക്കടത്ത് കേസിൽ പി.വി. അൻവറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ ആഡംബര വീട് നിർമാണത്തിനായി എസ്​.ബി.ഐയിൽ നിന്ന് ഒന്നരക്കോടി വായ്പയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തൽ.

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ, കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്​.പിയായിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത്ത്​ കുമാറിന്​ ലഭിച്ചെന്നുമായിരുന്നു മറ്റൊരാരോപണം. എന്നാൽ, സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്​.പിയുടെ ക്യാമ്പ്​ ഓഫിസിലെ മരംമുറിയിലും അജിത്ത്​ കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.

തൃശൂർ പൂരം അലങ്കോലമാക്കിയെന്ന കേസിൽ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിലും എ.ഡി.ജി.പിക്ക്​ ക്ലീൻചിറ്റ്​ നൽകിയിരുന്നു. എന്നാൽ, ബി​.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ച ഡി.ജി.പി ദർവേശ്​ സാഹിബ്​ നേരിട്ടും അന്വേഷിക്കുന്നുണ്ട്​. ഈ അന്വേഷണ റിപ്പോർട്ട്​ ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags:    
News Summary - ADGP MR Ajith Kumar gets clean chit in disproportionate assets case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.