പീഡിപ്പിച്ച സ്ത്രീയോട് മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; ജീവനൊടുക്കിയത് പാനായിക്കുളം, നാറാത്ത് കേസുകളി​ലെ എൻ.ഐ.എ അഭിഭാഷകൻ

പീഡിപ്പിച്ച സ്ത്രീയോട് മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; ജീവനൊടുക്കിയത് പാനായിക്കുളം, നാറാത്ത് കേസുകളി​ലെ എൻ.ഐ.എ അഭിഭാഷകൻ

കൊല്ലം: ഏതാനും ദിവസം മുമ്പാണ് അഡ്വ. പി.ജി. മനു കുടുംബസമേതം ഒരു യുവതിയുടെ വീട്ടിലെത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സർക്കാർ മുൻ പ്ലീഡർ കൂടിയായ മനുവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വീട്ടിൽ എത്തിയായിരുന്നു മാപ്പുപറച്ചിൽ. ഇയാളോടൊപ്പമുള്ള സ്ത്രീകളടക്കം കരഞ്ഞ് കാല് പിടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊല്ലത്തെ വീട്ടിൽ മനുവി​നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്ന മനു രണ്ടുമാസം മുൻപാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് കേസിന്റെ ആവശ്യങ്ങൾക്കായി വീട് വാടകക്ക് എടുത്തത്.  ഈ വീടിന്റെ മുകൾ നിലയിലായിരുന്നു മൃതദേഹം.

മറ്റൊരു പീഡനക്കേസിലെ അതിജീവിത‌യായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് മനു. 2018ൽ ഉണ്ടായ ലൈംഗി‌കാതിക്രമക്കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിർദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി.ജി. മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി നൽകിയ മൊഴി. ഇതിനു ശേഷം തന്‍റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചിരുന്നു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതി മൊഴിനൽകിയിരുന്നു. മനു അയച്ച വാട്‌സാപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവിൽ എറണാകുളം പുത്തൻകുരിശ് പൊലീസിനു മുൻപാകെ മനു കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മനുവിനെ പ്ലീഡർ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു പീഡനക്കേസ് കൂടി ഉയർന്നത്. ഭർത്താവിന്റെ കേസിന് വേണ്ടി മനുവിനെ സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ യുവതിയെ പീഡിപ്പിച്ചത്. കേസ് ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി ഭർത്താവിനോടും മറ്റും മാപ്പു പറഞ്ഞത്. മാപ്പുപറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ​വ്യാപകമായി പ്രചരിച്ചതിലുണ്ടായ മനോവിഷമമാണോ ആത്മഹത്യക്ക് കാരണം എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

എൻ.ഐ.എ പ്രോസിക്യൂട്ടറായിരുന്ന മനുവാണ് പാനായിക്കുളം, നാറാത്ത് തുടങ്ങിയ കേസുകളിൽ എൻ.ഐ.എക്ക് വേണ്ടി ഹാജരായത്.  ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ പ്രതിഭാഗം അഭിഭാഷകനായിരുന്ന മനു, അഭിഭാഷകനായ ആളൂരിനോടൊപ്പം കൊല്ലം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ കേസ് നടപടികൾ നടക്കുമ്പോഴാണ് വാടകവീട്ടിൽ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മനു ഇവിടെ താമസിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതൽ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞത്. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോൾ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം രാവിലെ മനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - adv. pg manu found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.