എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി​; പ്രദേശത്ത് പന്നിമാംസ വിൽപന നിരോധിച്ചു

കാലടി: എറണാകുളം മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 13ാം വാർഡിൽ അസംപ്ഷൻ മൊണാസ്​ട്രി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് ജില്ല മൃഗസംരക്ഷണ ഓഫിസറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൈറസ് സ്ഥിരീകരിച്ചത്. പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് പ്രദേശം രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി.

രോഗബാധിത പ്രദേശങ്ങളില്‍നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികള്‍, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍നിന്ന് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവെക്കണമെന്ന്​ കലക്ടർ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെയും എല്ലാ പന്നികളെയും ഉടന്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം മാനദണ്ഡപ്രകാരം സംസ്‌കരിച്ച് വിവരം ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു.

പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടി ശക്തമാക്കി. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ പന്നിഫാമില്‍നിന്ന്​ മറ്റു പന്നി ഫാമുകളിലേക്ക് രണ്ടുമാസത്തിനിടെ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഉടൻ റിപ്പോര്‍ട്ട് ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന്​ പന്നിമാംസവും പന്നികളെയും അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതിനുള്ള സാഹചര്യം ഉള്ളതിനാൽ ചെക്ക്പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശന മാർഗങ്ങളിലും കർശന പരിശോധന നടത്തണം. രോഗമുക്ത മേഖലയിൽനിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ടീം ഉറപ്പുവരുത്തണമെന്നും കലക്ടർ വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച പഞ്ചായത്ത് പരിധിയിൽ റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ രൂപവത്​കരിച്ച് പ്രവര്‍ത്തനം ആരംഭിക്കണം. ജില്ലയില്‍ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തിയാൽ മൃഗസംരക്ഷണ ഓഫിസറെ അറിയിക്കണം. മൃഗസംരക്ഷണ ഓഫിസർക്ക് ആവശ്യമായ എല്ലാ സഹകരണവും ഉടൻ ലഭ്യമാക്കാൻ മേൽവകുപ്പുകളും ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചു.

Tags:    
News Summary - African swine fever in Ernakulam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.