തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം മുതലപ്പൊഴിയെച്ചൊല്ലി സർക്കാറും ലത്തീൻ അതിരൂപതയും വീണ്ടും പരസ്യ ഏറ്റുമുട്ടലിലേക്ക്. ബോട്ട് ദുരന്തമുണ്ടായ മുതലപ്പൊഴി സന്ദർശിക്കാനെത്തിയ മന്ത്രിതല സംഘത്തെ തടഞ്ഞതും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളുമാണ് വാക്പോരിലേക്കും ഏറ്റുമുട്ടലിലേക്കും എത്തിയത്. മന്ത്രിമാരെ തടയാൻ നേതൃത്വം കൊടുത്തതും കലാപാഹ്വാനം നടത്തിയതും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയാണെന്നാണ് മന്ത്രി ശിവൻകുട്ടി തുറന്നടിച്ചത്. പെട്ടെന്നുണ്ടായ പ്രതിഷേധം എന്നതിനപ്പുറം വിഴിഞ്ഞം സമരസാഹചര്യങ്ങളിലേക്ക് മുതലപ്പൊഴിയിലുണ്ടായ സംഭവങ്ങളെ ബന്ധിപ്പിച്ച് കൂടിയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
വിഴിഞ്ഞം സമരത്തിന് നേതൃത്വത്തിന്റെ മുൻനിരയിലും ഫാ. യൂജിൻ പെരേരയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ മനസ്സിൽ വെച്ച് കൂടിയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ: ‘‘വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഒരു കലാപം തന്നെ ഉണ്ടാകാൻ ഇടയുള്ള പ്രവർത്തനമാണ് യൂജിൻ പെരേരയുടെ നേതൃത്വത്തിൽ നടത്തിയത്. അവസാനം സമരം ചെയ്യാൻ ആളുകൾ ഇല്ലാതെ വന്നപ്പോൾ എങ്ങനെയെങ്കിലും സമരം പിൻവലിച്ചുകൊണ്ടുപോകുന്ന നിലയാണുണ്ടായത്. ഇതിന്റെ വാശിയാണ് ഇന്നലെ ആന്റണി രാജുവിനോടും എന്നോടും പ്രകടിപ്പിച്ചത്’’. ഒപ്പം തീരദേശത്തെ പള്ളികൾ മത്സ്യത്തൊഴിലാളികളിൽനിന്ന് പിരിവ് നടത്തി ചൂഷണം ചെയ്യുന്നുവെന്ന ഗുരുതര ആരോപണം കൂടി മന്ത്രി മുന്നോട്ടുവെച്ചതോടെ സാഹചര്യങ്ങൾ മുതലപ്പൊഴിയിൽ ഒതുങ്ങില്ലെന്ന സൂചനയാണ് തെളിയുന്നത്.
സാധാരണ തലസ്ഥാനജില്ലയിൽ നിന്നുള്ള മന്ത്രിമാർ ലത്തീൻ അതിരൂപതാ നേതൃത്വത്തെ ഇത്ര രൂക്ഷമായി വിമർശിക്കാറില്ല. വിഴിഞ്ഞം സമരഘട്ടത്തിൽ പോലും തുറമുഖത്തിന്റെയും ഫിഷറീസിന്റെയും ചുമതലയുള്ള മന്ത്രിമാരായിരുന്നു പ്രതികരിച്ചിരുന്നത്. സംയമനത്തോടെ പെരുമാറുന്ന കീഴ്വഴക്കമാണ് മുതലപ്പൊഴിയിൽ മാറിമറിഞ്ഞത്.
അതേസമയം, സർക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി വികാരി ജനറൽ യൂജിൻ പെരേരയും രംഗത്തെത്തി: ‘‘സർക്കാർ നീക്കത്തിന് പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്. ആസൂത്രിതമായ ഒളിയമ്പുകളുടെ ഭാഗമാണിത്. മന്ത്രിമാർ വന്നപ്പോൾ അവിടെ (മുതലപ്പൊഴിയിൽ) പാർട്ടി സഖാക്കളെ ഒരുക്കിനിരത്തി പാവപ്പെട്ട ആളുകളെ ഭീഷണിപ്പെടുത്തുന്ന അന്തരീക്ഷമാണ് കണ്ടത്. വൈദികർക്കെതിരെ നീങ്ങുന്നതിൽ മന്ത്രിമാർ സ്വയം പരിശോധിക്കണം. ആരെയും തടയാൻ താൻ ആഹ്വാനം ചെയ്തിട്ടില്ല’’.
കഴിഞ്ഞവർഷം ജൂലൈയിലാണ് വിഴിഞ്ഞത്ത് സമരം തുടങ്ങിയത്. അതുപിന്നീട് സർക്കാറുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വികസിെച്ചങ്കിലും സമാധാനചർച്ചകളിലൂടെ താൽക്കാലികമായി ഒത്തുതീർന്നിരുന്നു. ഒരു വർഷത്തിനിപ്പുറം വീണ്ടുമൊരു ജൂലൈയിൽ ഏറ്റുമുട്ടൽ രൂക്ഷമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.