തിരുവനന്തപുരം: വിവാദമായ എ.ഐ കാമറ പദ്ധതിയിൽ പുറംകരാർ ലഭിച്ച പ്രസാഡിയോ ടെക്നോളജീസിനും ട്രോയിസ് ഇൻഫോടെക്കിനും എസ്.ആർ.ഐ.ടിക്കും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽനിന്ന് എത്ര ശതമാനം പണം ലഭിക്കുമെന്നതാണ് ഇനി പുറത്തുവരാനുള്ള വിവരം. പദ്ധതി നടത്തിപ്പിൽ സർക്കാറിന്റെ മുതൽ മുടക്ക് പൂജ്യമാണ്. കുട്ടികളുമായി പോകുന്ന ഇരു ചക്രവാഹന യാത്രക്കാരിൽനിന്നുൾപ്പെടെ പിഴ ചുമത്തുന്ന പണം പുറംകരാറുകാർക്ക് പോകും. ഇതു നിയമപരമായി ശരിയല്ലെന്ന് നേരത്തേ നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയരാൻ കാരണമായ പ്രസാഡിയോ ടെക്നോളജീസ് ആരംഭിച്ചത് സേഫ്കേരള പദ്ധതി തുടങ്ങാൻ സർക്കാർ തീരുമാനിച്ച 2018 ലാണെന്നതും ദുരൂഹത വർധിപ്പിക്കുന്നു. എ.ഐ കാമറ വിവാദത്തിലും കെ- ഫോണ്‍ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോക്ക് ഒരുവർഷത്തിനിടെയുണ്ടായ അമ്പരപ്പിക്കുന്ന വളര്‍ച്ചയും ചർച്ചയാവുകയാണ്.
കമ്പനിയുടെ വരുമാനത്തിലുണ്ടായ വർധന 500 മടങ്ങോളമെന്നാണ് വിവരം. കമ്പനി പ്രവർത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നരലക്ഷം രൂപ മാത്രമാണ്. തൊട്ടടുത്ത വർഷം ഏഴുകോടി 24 ലക്ഷം രൂപയായി. മൂന്നാമത്തെ വർഷം 9.82 കോടിയാണ്. ഇതിനിടെ, ഉപകരാറിൽനിന്ന് പിന്മാറാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ലൈറ്റ് മാസ്റ്ററും രംഗത്തുവന്നു. ഉദ്യോഗസ്ഥർക്ക് കമീഷനും സർക്കാറിന്റെ തുടർഭരണത്തിന് പണവും ചെലവിടേണ്ടി വരുമെന്ന സമ്മർദം ഉയർന്നതോടെയാണ് ഉപകരാറിൽനിന്ന് പിന്മാറിയതെന്ന് ലൈറ്റ് മാസ്റ്റർ അധികൃതർ വ്യക്തമാക്കുന്നു. 75 കോടി സ്വന്തമായി മുടക്കണമെന്നാണ് പ്രസാഡിയോ ആവശ്യപ്പെട്ടത്.
പദ്ധതി വിജയകരമാകില്ലെന്ന് രണ്ട് ബാങ്കുകൾ വിലയിരുത്തി. പണം നൽകാൻ തയാറായതുമില്ല. കെൽട്രോൺ ഉപകരാർ നൽകിയത് എസ്.ആർ.ഐ.ടിക്കായിരുന്നു. ടെൻഡർ വ്യവസ്ഥകൾ ലംഘിച്ച പദ്ധതി നടപ്പാക്കാൻ എസ്.ആർ.ഐ.ടി കൺസോർട്യം ഉണ്ടാക്കിയിരുന്നു. ഇതില്‍ ആദ്യം ഉണ്ടായ കമ്പനികളിൽ ഒന്നായിരുന്നു ലൈറ്റ് മാസ്റ്റർ. കാര്യങ്ങളെല്ലാം ഏകോപിപ്പിച്ചത് പ്രസാഡിയോ മാത്രമായിരുന്നു. ലാഭവിഹിതമായി ലഭിക്കുന്ന പണത്തിൽനിന്ന് കമീഷൻ കഴിഞ്ഞുള്ളത് മാത്രമേ ലൈറ്റ് മാസ്റ്ററിന് സ്വന്തമാകൂ. 74 കോടി തങ്ങൾ മാത്രം മുടക്കേണ്ട ഘട്ടം വന്നതോടെയാണ് പദ്ധതിയിൽനിന്ന് പിൻമാറിയതെന്നും അവർ പറയുന്നു. 152 കോടിയാണ് ഉപകരണങ്ങൾ വാങ്ങാനും കൺട്രോൾ റൂം ക്രമീകരിക്കാനും കരാറിൽ ഉൾപ്പെടുത്തിയിരുന്നത്. എസ്റ്റിമേറ്റ് കെൽട്രോൺ ഉയർത്തിവെച്ചെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ലൈറ്റ്മാസ്റ്ററിന്റെ ഈ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.