തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അതിക്രമിച്ചുകയറി ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം.
യോഗം തടസ്സപ്പെടുത്തുകയും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡിനു നായരെ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതി ചീഫ് സെക്യൂരിറ്റി ഓഫിസർ പൊലീസിന് കൈമാറിയില്ല. പകരം പരാതിയുണ്ടായിട്ടില്ലെന്നും സന്ദർശകരെ കയറ്റിവിടുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള നിർദേശമാണ് നൽകിയതെന്നും ചീഫ് സെക്യൂരിറ്റി ഓഫിസർ അറിയിച്ചു.
എന്നാൽ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഓഫിസിൽ കടന്നുകയറി യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് വിശദീകരിച്ച് ഇന്നലെ കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് പൊതുഭരണവകുപ്പ് അഡീഷനൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് റഫറൻസ് നോട്ട് നൽകിയിരുന്നു. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കേന്ദ്ര കാർഷിക സെക്രട്ടറിമാരുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെയാണ് മറ്റൊരാളോടൊപ്പം ആർഷോ കൃഷിവകുപ്പ് സെക്രട്ടറിയുടെ ഓഫിസിൽ എത്തിയത്.
അർഷോയുടെ ഒപ്പമുണ്ടായിരുന്ന ആളിന്‍റെ പേരിലാണ് പാസ് വാങ്ങിയത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി രണ്ട് യോഗങ്ങൾ ഉള്ളതിനാൽ ഇപ്പോൾ കാണാൻ കഴിയില്ലെന്നും വൈകീട്ട് അഞ്ചിന് കാണാം എന്നും കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് മുഖേന അശോക് അറിയിച്ചു. എന്നാൽ ആർഷോയും ഒപ്പമുണ്ടായിരുന്നയാളും അതിക്രമിച്ചുകയറി ഉദ്യോഗസ്ഥർക്കൊപ്പം കസേരയിൽ ഇരുന്ന് ഭീഷണി മുഴക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.