കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിക്കും കെ.പി.സി.സി ഐ.ടി സെൽ തലവനായ മകൻ അന ിൽ ആൻറണിക്കുമെതിരെ ഒളിയമ്പുമായി കെ.എസ്.യു എറണാകുളം ജില്ല സമ്മേളന പ്രമേയം. മക്കൾ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനമാണ് പേര് പരാമർശിക്കാതെ പ്രമേയത്തിൽ ഉയർന്നത്. പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടു പോലും കാൽ മുറിയാത്ത ചില അഭിനവ ‘പൽവാൽ ദേവൻമാരുടെ’ പട്ടാഭിഷേകത്തിെൻറ ശംഖൊലി മുഴങ്ങുന്നത് യഥാർഥ പ്രവർത്തകരുടെ ഉള്ളിൽ നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നതെന്ന് പ്രമേയം പറയുന്നു. അങ്ങും പുത്രവാത്സല്യത്താൽ അന്ധനായോ എന്ന ഭഗവദ്ഗീതയിലെ ചോദ്യമാണ് ആൻറണിക്കുനേരെ പരോക്ഷമായി ഉയർത്തുന്നത്.
‘പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ല് കൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യഥാർഥ പ്രവർത്തകരുടെ നെഞ്ചത്ത് നടത്തുന്ന ഇത്തരം സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഈ പട്ടാഭിഷേകത്തിന് ശംഖൊലി മുഴക്കുന്നവർ പിൽക്കാല പട്ടാഭിഷേകങ്ങൾക്കുള്ള ചില ടെസ്റ്റ് ഡോസാണോ നടത്തുന്നതെന്നും കെ.എസ്.യു സംശയിക്കുന്നു. ഇവർക്കൊക്കെ ലീഡറുടെ മക്കൾ മാത്രമായിരുന്നു കിങ്ങിണിക്കുട്ടൻമാർ. ഇത്തരം ടെസ്റ്റ്ഡോസുകളെ നിർവീര്യമാക്കേണ്ടത് യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്.
പാരമ്പര്യമായി കിട്ടിയ സ്വത്ത് തലമുറകളായി ഉപയോഗിച്ചുപോരുന്നതുപോലെയാണ് കോൺഗ്രസിലെ ചില കാരണവൻമാർ തങ്ങളുടെ മണ്ഡലങ്ങൾ ൈകയടക്കിവെച്ചിരിക്കുന്നത്. ആർ.ശങ്കറിനെ കടൽകിഴവൻ എന്നു വിളിച്ച അന്നത്തെ യുവകേസരികളുടെ ആർജവം ഉൾക്കൊണ്ട്, തലമുറമാറ്റം എന്നത് പ്രസംഗത്തിലൊതുക്കാതെ പ്രവൃത്തിയിലേക്കെത്തിക്കാൻ നേതാക്കൾ തയാറാവണമെന്നും ശനിയാഴ്ച പ്രതിനിധി സമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡൻറ് എസ്.ഭാഗ്യനാഥ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.