തിരുവനന്തപുരം: വിദ്യാർഥിയാത്രനിരക്ക് വർധനയെ പരസ്യമായി പിന്തുണച്ച് ആന്‍റണി രാജുവിന്‍റെ വിവാദ പ്രസ്താവന. 'രണ്ട് രൂപ കൺസഷൻ കൊടുക്കുന്നുവെന്നത് വിദ്യാർഥികൾക്ക് പോലും നാണക്കേടാണ്, അവർ പോലും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങിക്കാറില്ലെന്നാ'യിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവം വിവാദമാവുകയും എസ്.എഫ്.ഐ അടക്കം കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ മന്ത്രി നിലപാട് തിരുത്തി.
തന്‍റെ വാക്കുകൾ അടർത്തിയെടുത്തതാണെന്നും നിലവിലെ കൺസഷൻ തുക വിദ്യാർഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മലക്കംമറിച്ചിൽ. വിദ്യാർഥിയാത്രനിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർഥിസംഘടനകളിൽനിന്നടക്കം പ്രതിഷേധമുയരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മന്ത്രിയുടെ വിവാദ പരാമർശം.
നിലവിലെ നിരക്ക് 2012ൽ ആരംഭിച്ചതാണെന്നും 10 വർഷമായി രണ്ട് രൂപ നൽകുന്നത് വിദ്യാർഥികൾക്കുതന്നെ മനഃപ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നുമായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആശ്രയിക്കുന്നത് പ്രൈവറ്റ് ബസുകളെയാണ്. സ്കൂൾ സമയങ്ങളിൽ മറ്റ് യാത്രക്കാരെക്കാൾ കൂടുതൽ വിദ്യാർഥികളുമാണ്. സ്വകാര്യ ബസുകൾക്ക് വരുമാനം വളരെ കുറയുന്നത് വിദ്യാർഥികളുടെ കുറഞ്ഞ നിരക്ക് മൂലമാണെന്നാണ് അവർ പറയുന്നത്. അത് ഒരു പരിധി വരെ ന്യായവുമാണ്. നിരക്ക് വർധന നടത്തിയിട്ട് 10 വർഷം പിന്നിട്ടിരിക്കുന്നുവെന്നും ആറ് രൂപയായി കൺസഷൻ ഉയർത്തണമെന്നതാണ് ബസുടമകളുടെ ആവശ്യമെന്നും അദ്ദേഹം രാവിലെ പറഞ്ഞു. വിദ്യാർഥി സംഘടനകളൊക്കെ ഒറ്റക്കൊറ്റക്ക് കാണുമ്പോൾ 'വർധന ശരിയാണെ'ന്ന് പറയുമെങ്കിലും എല്ലാവരുടെയും യോഗം വിളിക്കുമ്പോൾ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുകയാണെന്ന വിമർശനം കൂടി അദ്ദേഹം ഉന്നയിച്ചു.
തന്‍റെ മുഴുവൻ പ്രസ്താവന എടുത്ത് നോക്കിയാൽ നാണക്കേടുണ്ടാകില്ലെന്ന ആമുഖത്തോടെയാണ് വൈകുന്നേരം പ്രസ്താവന തിരുത്തിയത്. എസ്.എഫ്.ഐ നേതാക്കളുമായി സംസാരിക്കും. കെ.എസ്.യു നിലപാട് രാഷ്ട്രീയപ്രേരിതമാണ്. ഏറ്റവും ഒടുവിൽ വിദ്യാർഥിനിരക്ക് ഇരട്ടിയാക്കിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ദോഷകരമാവാതെ നിരക്ക് വർധിപ്പിക്കാനാണ് നോക്കുന്നതെന്നും ബി.പി.എൽ വിദ്യാർഥികൾക്ക് സമ്പൂർണ സൗജന്യയാത്ര പരിഗണനയിലാണെന്നുകൂടി പറഞ്ഞ് മന്ത്രി നിലപാട് മയപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.