കുഞ്ഞിനെ ദത്ത് നൽകിയതിൽ മുഖ്യന്ത്രിയുടെ ഒാഫിസടക്കം ഭരണകൂട, രാഷ്ട്രീയ ഇടപെടൽ നടന്നുവെന്ന് പ്രതിപക്ഷം; നിയമസഭയുടെ നടുത്തളത്തിൽ പ്രതിഷേധം

തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ സി.പി.എം നേതാവായ പിതാവും മാതാവും ദത്ത് നൽകിയ സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അനുപമയുടെ കുഞ്ഞിനെ എടുത്ത് മാറ്റിയത് നിയമവിരുദ്ധമായെന്നും സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തെ സ്വതന്ത്ര അംഗം കെ.കെ രമയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യന്ത്രിയുടെ ഒാഫിസ് അടക്കം ഭരണകൂട, രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്ന് കെ.കെ. രമ ആരോപിച്ചു. ദുരഭിമാന കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. കുഞ്ഞിന്‍റെ അമ്മയുടെ പരാതി ലഭിച്ച് ആറു മാസത്തിന് ശേഷവും കേസെടുക്കാത്ത സ്ഥിതിയുണ്ടായി.

ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ട ദുരഭിമാന കുറ്റകൃത്യത്തിൽ വിശദമായ അന്വേഷണം വേണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ചു വിടണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.

കുഞ്ഞിനെ ദത്ത് നൽകിയത് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോർജ് സഭയെ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും വീഴ്ച സംഭവിച്ചിട്ടില്ല. കുഞ്ഞിന്‍റെ അമ്മയായ അനുപമയുടെ ഒരു പരാതിയും അവഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ദിവസം രണ്ടു കുട്ടികളെയാണ് ലഭിച്ചത്. ഇതിൽ ഒരു കുട്ടിയുടെ ഡി.എൻ.എ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ കുട്ടിയെ ദത്ത് നൽകിയെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചത്. ഈ കുട്ടി തന്‍റെ കുട്ടിയാണോ എന്ന് പരിശോധിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നിയമപരമായ ചില തടസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി വിശദീകരിച്ചു.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള കെ.കെ. രമയുടെ പ്രസംഗം 10 മിനിട്ട് കഴിഞ്ഞതോടെ സ്പീക്കർ മൈക്ക് ഒാഫ് ചെയ്തു. വിഷയം അവതരിപ്പിക്കാൻ കെ.കെ. രമക്ക് കൂടുതൽ സമയം നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. സ്പീക്കറുടെ ഡയസിന് മുമ്പിലെത്തിയ അംഗങ്ങൾ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി.

ശിശുക്ഷേമ സമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും മന്ത്രി വീണ ജോർജ് വെള്ളപൂശിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടിൽ ഇല്ലായിരുന്നു. ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ പെൺകുട്ടിയാക്കുന്ന മാജിക് നടന്നു. സി.പി.എം തന്നെ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും ആയി മാറി. ഇടതുപക്ഷത്തിന്‍റേത് പിന്തിരിപ്പൻ നയമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    
News Summary - anupama child kidnap case in kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.