പച്ചമലയാളം അടിസ്ഥാന കോഴ്സിന് മേയ് 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ മേയ് 31 വരെ ദീര്‍ഘിപ്പിച്ചു. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായി എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് കോഴ്‌സ് പരിഷ്‌കരിച്ചത്.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആര്‍ക്കും മലയാളം പഠിക്കാന്‍ കഴിയുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ നേടേണ്ട മലയാള ഭാഷാപഠനശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാകോഴ്‌സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഈ കോഴ്‌സിന്റെ പരിഷ്‌കരണം.

60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ ക്ലാസുകള്‍. അടിസ്ഥാനകോഴ്സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. (ഫീസ് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ എസ് ബി ഐ ശാസ്തമംഗലം ബ്രാഞ്ചിലുള്ള 38444973213 എന്ന അക്കൗണ്ടില്‍ അടക്കാവുന്നതാണ് IFSC CODE :SBIN0070023)

ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം ഹാര്‍ഡ് കോപ്പി രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ മേയ് 31 നകം ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484-2426596,9496877913. അപേക്ഷാഫോറം സാക്ഷരതാ മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Tags:    
News Summary - Applications for Pachamalayam Basic Course can be made till May 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.