രക്ഷാപ്രവർത്തകർ നദിയിലെ മൺകൂനയിൽ

അടിയൊഴുക്കും നദികലങ്ങിയതും വെല്ലുവിളി; ‘ഈശ്വർ മാൽപെ’ സംഘം തിരച്ചിൽ പുനരാരംഭിച്ചു

ഷിരൂർ (കർണാടക): ഗംഗാവലി നദിയിൽ അർജുനെ കണ്ടെത്താനെത്തിയ പ്രാദേശിക മുങ്ങൽ വിദ​ഗ്ധരുടെ സംഘം തിരച്ചിൽ പുനരാരംഭിച്ചു. രക്ഷാപ്രവർത്തകനെ ബന്ധിച്ചിരുന്ന വടം പൊട്ടിയതിനെ തുടർന്ന് ഇടവേളയെടുത്താണ് സംഘം വീണ്ടും നദിയിലിറങ്ങിയത്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. ഈ സംഘത്തിൽ നിന്നുള്ളവരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തുന്നത്.

ഡൈവിങ്ങിനിടെ വടംപൊട്ടിയ രക്ഷാപ്രവർത്തകൻ ഒഴുക്കിൽപ്പെട്ട് നൂറ് മീറ്ററോളം അകലത്തിലാണ് പൊങ്ങിയത്. രണ്ട് തവണ അടിത്തട്ട് പരിശോധിക്കാനുള്ള ശ്രമം നടത്തി തിരികെ കയറിയിരുന്നു. മൂന്നാം തവണ ഡൈവിങ് നടത്തിയപ്പോഴാണ് വടംപൊട്ടിയത്. കുത്തൊഴുക്കിനെ തുടർന്ന് നദിയിൽ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടാണെന്നാണ് സൂചന. ദൗത്യസംഘം വീണ്ടും നദിയിലിറങ്ങിയിട്ടുണ്ട്.

നാലിടങ്ങളിലായാണ് രക്ഷാപ്രവർത്തകർക്ക് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമത്തെ സ്ഥലത്താണ് പരിശോധന നടത്തുന്നത്. അർജുന്‍റെ ലോറി ഈ പ്രദേശത്ത് ഉണ്ടെന്നാണ് ദൗത്യസംഘത്തിന്‍റെ വിലയിരുത്തൽ. പുഴയിലെ മൺകൂനയിലേക്ക് സംഘം രാവിലെ എത്തിയിരുന്നു. അടിയൊഴുക്കിനേക്കാൾ നദി കലങ്ങിമറിഞ്ഞ് ഒഴുകുന്നതാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. നദിക്കടിയിലെ യാതൊന്നും തന്നെ മുങ്ങൽ വിദഗ്ധർക്ക് കാണാനാവുന്നില്ലെന്നാണ് വിവരം.

മാൽപെയിലെ പ്രാദേശിക മത്സ്യ തൊഴിലാളികൾ കൂടിയാണ് ഈശ്വർ മാൽപെ സംഘം. നാവിക സേനക്ക് പോലും അസാധ്യമായ പലയിടത്തും ഇവർ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം റിസ്കിൽ നദിയിൽ ഇറങ്ങാമെന്ന് അറിയിച്ച് ഇവർ മുന്നോട്ടുവരികയായിരുന്നു. പ്രദേശത്തെ നദിയുടെ സ്വഭാവത്തേക്കുറിച്ച് ഇവർക്ക് കൂടുതൽ ധാരണയുണ്ടാകുമെന്ന കണക്കൂകൂട്ടലിൽ കാർവാർ എസ്.പിയാണ് ഇവരെ രക്ഷാപ്രവർത്തനത്തനത്തിനായി ക്ഷണിച്ചത്. 

Tags:    
News Summary - Arjun Rescue: Eshwar Malpe team's diver also returned from the Gangavali River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.