ആർഷോയുടെ ആരോപണത്തിന് മറുപടിയുമായി ആർദ്ര; ഡിപാർട്ട്മെന്‍റ് കോർഡിനേറ്ററെ പുറത്താക്കാൻ തന്നെ ഉപകരണമാക്കുന്നു

എറണാകുളം: പുനർമൂല്യ നിർണയത്തിൽ മാർക്ക് കൂട്ടി നൽകിയെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ആരോപണത്തിന് മറുപടിയുമായി മുൻ കെ.എസ്.യു പ്രവർത്തക ആർദ്ര മോഹൻദാസ്. ആർക്കിയോളജി ഡിപാർട്ട്മെന്‍റ് കോർഡിനേറ്റർ വിനോദ് കുമാറിനെ പുറത്താക്കാനാണ് ആർഷോ ശ്രമിക്കുന്നതെന്നും ഈ നീക്കത്തിന് തന്നെ ഉപകരണമാക്കുകയാണെന്നും ആർദ്ര വ്യക്തമാക്കി.

ഹിസ്റ്ററി അധ്യാപകനായ വിനോദ് കുമാറിന് തന്‍റെ ആർക്കിയോളജി വിഷയത്തിലെ ഉത്തര കടലാസ് പരിശോധിക്കാൻ സാധിക്കില്ല. വിനോദ് കുമാർ ഉള്ളിടത്തോളം കാലം ആർഷോ ഉൾപ്പെടെ ഉള്ളവരുടെ ഹാജർ അടക്കമുള്ള കാര്യങ്ങളിൽ തിരിമറികൾ നടക്കില്ലെന്നും ആർദ്ര പറഞ്ഞു.

ഹാജർ, പഠനം, മാർക്ക് എന്നീ വിഷയങ്ങളിൽ കർശന നിലപാടാണ് വകുപ്പ് മേധാവി സ്വീകരിക്കുന്നത്. മതിയായ ഹാജർ ഇല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ നോട്ടീസ് നൽകാറുണ്ട്. ക്ലാസിൽ കയറാത്തവർ യൂണിയൻ പരിപാടിയെന്ന് ചൂണ്ടിക്കാട്ടി ഹാജർ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ആർദ്ര വ്യക്തമാക്കി.

കെ.എസ്.യു പ്രവർത്തകയായിരുന്ന ആർദ്ര മോഹൻദാസിന്‍റെ ഉത്തര കടലാസിന്‍റെ പുനർമൂല്യ നിർണയത്തിൽ ആർക്കിയോളജി ഡിപാർട്ട്മെന്‍റ് കോർഡിനേറ്റർ വിനോദ് കുമാർ ഇടപെട്ടെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ പി.എം ആർഷോ ആരോപിച്ചത്. എന്നാൽ, പുനർമൂല്യ നിർണയത്തിൽ വിനോദ് കുമാർ ഇടപെട്ടെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് എക്സാമിനേഷൻ കമ്മിറ്റി അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

നിയമാവലി പ്രകാരമാണ് പുനർമൂല്യ നിർണയം നടന്നത്. പരീക്ഷയിൽ ആദ്യം 18 മാർക്കാണ് കെ.എസ്.യു പ്രവർത്തകക്ക് ലഭിച്ചിരുന്നത്. ഇത് പുനർമൂല്യ നിർണയത്തിൽ 30 മാർക്കായി വർധിച്ചു. കൂടുതൽ മാർക്ക് ലഭിച്ചത് പുനർമൂല്യ നിർണയത്തിലെ അപാകതയായി കാണാനാവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കോർഡിനേറ്റർക്കെതിരെ പരാതി നൽകിയതോടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നാണ് ആർഷോയുടെ ആരോപണം.

Tags:    
News Summary - Ardra mohandas react to PM Arsho comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.