പറവൂർ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. വിവരമറിഞ്ഞ് പിതൃസഹോദരിയും മരിച്ചു. പറവൂർ കൂട്ടുകാട് കോട്ടയത്ത് വീട്ടിൽ നാരായണൻകുട്ടിയുടെ മകൻ കെ.എൻ. ബാലചന്ദ്രനാണ്(37) കൊല്ലപ്പെട്ടത്. ബാലചന്ദ്രൻ കൊല്ലപ്പെട്ടതറിഞ്ഞ് പിതൃസഹോദരിയും കൂട്ടുകാട് കോട്ടയത്ത് പരേതനായ രാധാകൃഷ്ണന്റെ ഭാര്യയുമായ സാവിത്രി (80) പിന്നാലെ മരിച്ചു.
ക്രിസ്മസ് ദിനത്തിൽ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നന്ത്യാട്ടുകുന്നം സംസ്കൃത ഹൈസ്കൂളിന് പടിഞ്ഞാറ് അമേപറമ്പിൽ മാത്തയിൽ വീട്ടിൽ മുരളീധരനാണ് (54) കുത്തിയത്.
ബാലചന്ദ്രൻ സുഹൃത്തായ മുരളീധരന്റെ വീട്ടിലാണ് മാസങ്ങളായി താമസിച്ചിരുന്നത്. മദ്യലഹരിയിലായ ഇവർ തമ്മിൽ കുറച്ചുനാൾ മുമ്പുണ്ടായ പ്രശ്നത്തെച്ചൊല്ലി തർക്കമുണ്ടായി. ഇതേതുടർന്ന് മുരളീധരൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ബാലചന്ദ്രനെ കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മുരളീധരൻ പൊലീസ് കസ്റ്റഡിയിലാണ്. ഗൾഫിലായിരുന്ന മുരളീധരൻ ഏതാനും വർഷം മുമ്പാണ് നാട്ടിൽ വന്നത്. ഇതിന് മുമ്പും ഇയാൾ കൊലക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബാലചന്ദ്രനും മുരളീധരനും ഭാര്യമാരുമായി പിണങ്ങിയതോടെയാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.
ബാലചന്ദ്രന്റെ പിതൃസഹോദരി സാവിത്രി ഏറെനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ബാലചന്ദ്രന്റെ മരണവാർത്ത അറിഞ്ഞ് ഒരു മണിക്കൂറിനകമാണ് മരിച്ചത്. സാവിത്രിയുടെ മൃതദേഹം സംസ്കരിച്ചു.
കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബാലചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. രോഹിണിയാണ് ഭാര്യ. മക്കൾ: നിഹാൽ, ദിയ. മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത് പി. നായർ, എ.ജി. മുരളി ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.