കൊച്ചി: ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന കേസിൽ ഒമ്പത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ഇടുക്കി ഫോറസ്റ്റർ വി. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.സി. ലെനിൻ, ജിമ്മി ജോസഫ്, ഷിജി രാജ്, ഫോറസ്റ്റ് വാച്ചർമാരായ കെ.എൻ. മോഹനൻ, കെ.ടി. ജയകുമാർ, കെ.എൻ. സന്തോഷ്, കെ.എസ്. ഗോപാലകൃഷ്‌ണൻ, ടി.കെ. ലീലാമണി എന്നിവരെ അറസ്റ്റ് ചെയ്യുന്നതാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തടഞ്ഞത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ ഹരജി രണ്ടുമാസത്തിന് ശേഷം പരിഗണിക്കാനും മാറ്റി. സെപ്റ്റംബർ 20നാണ് ആദിവാസി വിഭാഗത്തിൽപെട്ട സരുൺ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കിഴുക്കാനം ഫോറസ്റ്റ് സെക്ഷനിൽനിന്ന് കാട്ടിറച്ചിയുമായി പിടികൂടിയത്.
എന്നാൽ, കള്ളക്കേസിൽ കുടുക്കിയതാണെന്നും കസ്റ്റഡിയിൽ മർദിച്ചെന്നുമാരോപിച്ച് സരുൺ നൽകിയ പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമടക്കം പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്തശേഷം വൈദ്യപരിശോധന നടത്തിയപ്പോഴോ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോഴോ മർദനത്തെക്കുറിച്ച് പരാതി പറഞ്ഞില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.