തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തരമില്ലാതെ കഴിഞ്ഞ സഭസമ്മേളനത്തിലെ 397 ചോദ്യങ്ങൾ. ജൂൺ-ജൂലൈയിലാണ് കഴിഞ്ഞ സമ്മേളനം നടന്നത്. സഭ പിരിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയടക്കമുള്ളവർ നൽകേണ്ട മറുപടികൾ വെബ്സൈറ്റിൽ ഒഴിഞ്ഞുകിടക്കുകയാണ്. സഭയിൽ നേരിട്ട് മറുപടി പറയേണ്ടതില്ലാത്ത ചോദ്യങ്ങളോടാണ് ഈ മുഖംതിരിക്കൽ. വൈദ്യുതി, സഹകരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകൾ മാത്രമാണ് എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയത്.
ചോദ്യോത്തര ദിവസത്തിന്റെ തൊട്ടു തലേന്ന് വൈകീട്ട് അഞ്ചിനു മുമ്പ് മറുപടികള്‍ നിയമസഭ സെക്രട്ടേറിയറ്റിന് കൈമാറണമെന്നാണ് വ്യവസ്ഥ. അടിയന്തര ഘട്ടത്തിൽ ഈ സമയപരിധിക്കുള്ളില്‍ മറുപടി നൽകാൻ കഴിയാത്ത സാഹചര്യത്തില്‍ 15 ദിവസത്തിനുള്ളിൽ കൈമാറിയിരിക്കണം. ഫലത്തിൽ അതത് സമ്മേളന കാലയളവിൽ തന്നെ മറുപടി നൽകണമെന്നതുതന്നെയാണ് കീഴ്വഴക്കം. ഉത്തരങ്ങൾ വൈകുന്നതിനെതിരെ ബജറ്റ് സമ്മേളന കാലത്ത് പ്രതിപക്ഷം ക്രമപ്രശ്നമുന്നയിക്കുകയും സ്പീക്കർ കർശന സ്വഭാവത്തിൽ റൂളിങ് നൽകുകയും ചെയ്തിരുന്നതാണ്.
152 ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുന്നിലുള്ളത് ധനവകുപ്പാണ്. ഭക്ഷ്യം-പൊതുവിതരണം, കായികം-ന്യൂനപക്ഷം എന്നീ വകുപ്പുകൾ ഓരോ ചോദ്യത്തിന് മാത്രമാണ് മറുപടി നൽകാത്തത്.
അതേസമയം, ചോദ്യങ്ങൾക്കുള്ള മറുപടികൾ തങ്ങൾ നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് പല വകുപ്പുകളും വ്യക്തമാക്കുന്നത്. എന്നാൽ, നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ നൽകാത്തതാണ് നിലവിലെ പ്രശ്നത്തിന് കാരണം. വൈകുന്ന മറുപടികൾ വിശദീകരണക്കുറിപ്പോടെ സഭയിൽ വെക്കണമെന്നതാണ് ചട്ടം. മറുപടികൾ ലഭിച്ചപ്പോഴേക്കും സഭാസമ്മേളന കാലയളവ് കഴിഞ്ഞിരിക്കാമെന്നാണ് അനൗദ്യോഗിക വിശദീകരണം. ഫലത്തിൽ വരും സമ്മേളന കാലത്തേ മറുപടികൾ വെളിച്ചം കാണൂ. ഒക്ടോബർ നാലിനാണ് 15ാം നിയമസഭയുടെ 12ാം സമ്മേളനത്തിന് തുടക്കമാവുക.
മുഖ്യമന്ത്രി മറുപടി പറയേണ്ടത്: നവകേരളയാത്ര, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകൾ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘം, ദുരിതാശ്വാസ നിധി.
ധനവകുപ്പ് മറുപടി പറയേണ്ടത്: ലോകകേരള സഭ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, ശമ്പള പരിഷ്കരണ കുടിശ്ശിക, സംസ്ഥാനത്തിന്റെ വരുമാന നഷ്ടം, സമൂഹിക സുരക്ഷ സെസ്, ട്രഷറി നിയന്ത്രണം, ടേൺ ഓവർ ടാക്സ്.
ഗതാഗത വകുപ്പ് മറുപടി പറയേണ്ടത്: എ.ഐ കാമറ, ഡ്രൈവിങ് ലൈസൻസ് പരിഷ്കരണം, ആർ.സി അച്ചടിയിലെ കാലതാമസം, മോട്ടോർ വാഹനവകുപ്പിലെ ഡിജിറ്റലൈസേഷൻ, സർക്കാർ വാഹനങ്ങളുടെ നിയമലംഘനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.