തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുതിപദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് നടപടി പുരോഗമിക്കുന്നതായി മന്ത്രി എം.എം. മണി നിയമസഭയെ രേഖാമൂലം അറിയിച്ചു. പുതിയ ജലവൈദ്യുതിപദ്ധതികള്‍ സംബന്ധിച്ച എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ചോദ്യത്തിനാണ് 15 പദ്ധതികളുടെ പട്ടികയും സ്ഥിതിവിവരവുമടക്കം വൈദ്യുതിമന്ത്രി നിയമസഭയില്‍ വെച്ചത്. പട്ടികയില്‍ 15ാം സ്ഥാനത്താണ് അതിരപ്പിള്ളി ജലവൈദ്യുതിപദ്ധതി. 163 മെഗാവാട്ടിന്‍െറ പദ്ധതിക്ക് ‘സ്ഥലമേറ്റെടുപ്പ് നടന്നുവരുന്നു’വെന്നാണ് രേഖയിലുള്ളത്.
ചോദ്യോത്തരവേളയില്‍ ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. വര്‍ധിക്കുന്ന വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സൗരോര്‍ജസംരംഭങ്ങള്‍, താപനിലയങ്ങള്‍, കാറ്റാടി വൈദ്യുതി, സമവായത്തിലൂടെ അതിരപ്പിള്ളി അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു മറുപടി. സംസ്ഥാനത്ത് 312 മെഗാവാട്ടിന്‍െറ 15 പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മറുപടി രേഖയില്‍ വ്യക്തമാക്കുന്നു. കൂടാതെ 47.4 മെഗാവാട്ടിന്‍െറ 20 ചെറുകിട ജലവൈദ്യുതിപദ്ധതികള്‍ക്കും ആലോചനയുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ അന്ന് വൈദ്യുതിമന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പരിസ്ഥിതിസംഘടനകള്‍ക്ക് പുറമേ ഘടകകക്ഷിയായ സി.പി.ഐയും ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നു. സി.പി.ഐയും മുഖ്യമന്ത്രിയും തമ്മില്‍ പരസ്യമായ വാക്പോര് വരെയുണ്ടായി. ഇതോടെ നിലപാട് മയപ്പെടുത്തിയ സര്‍ക്കാര്‍ സമവായത്തോടെ മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. എന്നാല്‍, വിവാദം കെട്ടടങ്ങിയ സാഹചര്യത്തിലാണ് മന്ത്രി മണിയുടെ നിയമസഭയിലെ മറുപടി.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുതിപദ്ധതിയുടെ പവര്‍ ഹൗസില്‍നിന്ന് 2.52 കിലോമീറ്റര്‍ ദൂരെയാണ് പുതിയ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
936 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് 2001ല്‍ ആലോചിക്കുമ്പോള്‍ 409 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.