തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി റിയൽ എസ്റേററ്റ് ഗ്രൂപ്പിന് തീറെഴുതി കരാർ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ പാലക്കാട് കലക്ടർക്ക് നിർദേശം നൽകി. സംഭവത്തെക്കുറിച്ച് പ്രഥമിക അന്വേഷണം നടത്തി റിപ്പോർട്ട് 24 മണിക്കൂറിനകം സമർപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം.
1986നുശേഷം ആദിവാസി ഭൂമിയിൽ ഏതുതരത്തിലുള്ള കരാർ നൽകുന്നതും നിയമവിരുദ്ധമാണെന്ന് റവന്യൂ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ആദിവാസികളുടെ ഫാം ഭൂമി സ്വകാര്യ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന് നൽകിയ കരാർ മരവിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി എ.കെ. ബാലനും നിർദേശം നൽകി. സഹകരണ വകുപ്പാണ് കരാർ മരവിപ്പിക്കേണ്ടത്. അതിനാൽ, പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറി സഹകരണ വകുപ്പിന് കത്ത് നൽകും. അതേസമയം, 2019 ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിലുള്ള എൽ.എ ഹോംസ് എന്ന് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുമായി ഒപ്പിട്ട കരാറിനെക്കുറിച്ച് റവന്യൂ- പട്ടികവർഗ വകുപ്പുകൾ അറിയുന്നത് 'മാധ്യമം' വാർത്തിയിലൂടെയാണെന്ന് ഇരുമന്ത്രിമാരുടെയും ഓഫിസ് അറിയിച്ചു.
ഫാം ഭൂമി നഷ്ടപ്പെട്ടതിനെക്കുറിച്ച് പാലക്കാട് കലക്ടർക്ക് ഉൾപ്പെടെ ആദിവാസികൾ നേരത്തെ പരാതി നൽകിയിട്ട് അന്വേഷണം നടത്തിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ട ആദിവാസികൾക്ക് അത് നൽകാനും സബ്കലക്ടർ ഓഫിസ് തയാറായില്ല. പട്ടയം ലഭിച്ച ഭൂമിയുടെ ഉടമകളായ ആദിവാസികളെ കബളിപ്പിച്ചാണ് ഐ.ടി.ഡി.പി ഓഫിസറും ഫാമിങ് സൊസൈറ്റി സെക്രട്ടറിയും ചേർന്ന് അട്ടിമറി നടത്തിയത്. ആദിവാസി ഭൂമിക്ക് നിയമവിരുധ കരാർ ഉറപ്പിക്കാൻ ഈ ഉദ്യോഗസ്ഥർക്ക് മേൽ ഉന്നതല സമ്മർദം ഉണ്ടായെന്നാണ് ആക്ഷേപം.
ഹൈകോടതിയിൽ അഡ്വ.കെ.എസ്. മധുസൂദനൻ ഹരജി നൽകിയതോടെ കോടതി രണ്ടുമാസത്തേക്ക് കരാർ റദ്ദ് ചെയ്തു. എന്നാൽ, ഈ കരാറിന് പിന്നിൽ നടന്ന വൻ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മുൻ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്താണ് കാറ്റാടി കമ്പനി അട്ടപ്പാടിയിൽ വ്യാപകമായി ഭൂമി കൈയേറ്റം നടത്തിയത്. എ.കെ. ബാലനായിരുന്നു അന്ന് പട്ടികവർഗ മന്ത്രി. അന്നത്തെ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. തുടർന്ന് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാറും അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചില്ല. അതിനേക്കാൾ വലിയ ആദിവാസി ചൂഷണമാണ് ഇപ്പോൾ അട്ടപ്പാടിയിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.