പൊൻകുന്നം: കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നല്കാന് ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ മനു മോഹൻ (33), ആർപ്പൂക്കര വില്ലൂന്നി പാലത്തൂർ ടോണി തോമസ് (23) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ മനുമോഹനെ കേസിന്റെ വിചാരണക്കായി കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിച്ചസമയം വരാന്തയിൽവെച്ച് ഇയാൾക്ക് കഞ്ചാവ് നൽകാൻ ടോണി തോമസ് ശ്രമിക്കുകയും ഇത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തടയുകയുമായിരുന്നു.
ഇതിലുള്ള വിരോധംമൂലം മനുമോഹൻ പൊലീസ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയുമായിരുന്നു. കൂടാതെ കോടതിവരാന്തയിൽ സ്ഥാപിച്ചിരുന്ന നോട്ടീസ് ബോർഡിന്റെ ഗ്ലാസ് തലകൊണ്ട് ഇടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ മനുമോഹന്‍ കഞ്ചാവ് എത്തിച്ചുകൊടുക്കാൻ ശ്രമിച്ച കേസിലാണ് ടോണി ടോമിസിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 32 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
പൊൻകുന്നം എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ എം.എസ്. പ്രദീപ്, അജി പി. ഏലിയാസ്, നിസാർ, എ.എസ്.ഐ അജിത് കുമാർ, സി.പി.ഒമാരായ കിരൺ കർത്ത, പ്രിയ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.