റാന്നി: റാന്നിക്കാരുടെ ഒരുമയുടെ ഉത്സവമാണ് അവിട്ടം ജലോത്സവം. വഞ്ചിപ്പാട്ടിന്റെ ഈരടിയിൽ ആവേശത്തുഴയെറിഞ്ഞ് പമ്പാനദിയിൽ കുതിച്ചുപായുന്ന പള്ളിയോടങ്ങൾ നയന മനോഹരമാണ്. ജാതി-മത ഭേദമന്യേ നദിക്കരയിലും മറ്റും എല്ലാവരും ഒത്തുകൂടുന്ന ദിവസം കൂടിയാണ് അവിട്ടംനാൾ. റാന്നിയുടെ സാംസ്കാരിക സിരാകേന്ദ്രമാണ് പെരുമ്പുഴക്കടവിലെ നെട്ടായവും ചുറ്റുമുള്ള പ്രദേശങ്ങളും. മുൻതലമുറക്കാർ അനുഷ്ഠിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന ജലകേളികൾ ഇന്നും ഇവിടെ തുടരുന്നത് ഈ നാടിന്റെ സാംസ്ക്കാരിക തനിമ മൂലമാണെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
റാന്നിയുടെ ജലോത്സവബന്ധം അതിപുരാതനമായിരുന്നു. മുണ്ടപ്പുഴ തച്ചൻമാരുടെ ശിൽപ വൈദഗ്ധ്യം ആറന്മുള പള്ളിയോടങ്ങൾക്ക് ജന്മമേകിയെന്നത് അഭിമാനിക്കുവാൻ വക നൽകുന്നു. കിഴക്ക് വടശ്ശേരിക്കര മുതൽ താഴോട്ടുള്ള കരകളിൽ ഉണ്ടായിരുന്ന പള്ളിയോടങ്ങൾ ആദ്യകാലങ്ങളിൽ റാന്നിയിലെത്തി ജലമേള നടത്തിയിരുന്നു. ചതയ ദിനത്തിലായിരുന്നു അന്ന് വള്ളംകളി നടന്നിരുന്നത്. മുതിർന്നവരുടെ മനസ്സുകളിൽ അന്നത്തെ വള്ളംകളികളുടെ നിറമുള്ള കാഴ്ചകൾ നിറഞ്ഞുനിൽക്കുന്നു.
റാന്നിയിലെ പൗരപ്രമുഖനും റേഷൻ മൊത്ത വ്യാപാരിയും തിരുവിതാംകൂർ മഹാരാജാവിൽ നിന്നും പദവി ലഭിച്ചിട്ടുള്ള വ്യക്തിയുമായിരുന്ന മാരാന്തോട്ടത്തിൽ സുലൈമാൻ സാഹിബ്, കണ്ണൻകുഴയത്ത് കെ.സി.ഉണ്ണിട്ടൻ ഉൾപ്പെടെ നാനാ ജാതിമതസ്ഥരായ നിരവധി പ്രമുഖർ വള്ളംകളിക്കും വഞ്ചിപാട്ടിനും നേതൃത്വം നൽകി. ഒരു ജനകീയ സാംസ്കാരിക സംഗമമായി റാന്നിയിലെ ജലമേളയെ പൂർവികർ പരിപോഷിപ്പിച്ചു.
റാന്നിയിൽ പാലം നിർമിച്ച 1954-55 കാലഘട്ടത്തിൽ മുടങ്ങിയ വള്ളംകളി നീണ്ട മൂന്ന് പതിറ്റാണ്ടു മുടങ്ങിത്തന്നെ കിടന്നു. മുപ്പത് വർഷങ്ങൾക്കു ശേഷം 1984ൽ അവിട്ടം ജലോത്സവമായി ഇത് പുനരാരംഭിച്ചു. ഓണം നാളുകളിൽ മാവേലിത്തമ്പുരാന്റെ ഒരുമയുടെ സന്ദേശം നാം ഉയർത്തിക്കാട്ടുന്നവരാണ്. സമത്വത്തിന്റെ ആർപ്പുവിളികളുമായി സ്നേഹത്തിന്റെ തുഴയെറിഞ്ഞ് വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് കുതിച്ചുപായുന്ന ചുണ്ടൻവള്ളങ്ങൾ മനംകുളിർക്കെ കണ്ട് ആസ്വദിക്കുന്ന ഉത്സവം. പന്തളം രാജാക്കന്മാരുടെ സാമന്തൻമാരായി റാന്നി ഭരിച്ച കോട്ടയിൽ കർത്താക്കൻമാരുടെ ഭരണസിരാകേന്ദ്രവും പുരാതന റാന്നിയുടെ വാണിജ്യ സഞ്ചാര ചരക്കുഗതാഗത കേന്ദ്രവും ഈ സംഗമഭൂമി തന്നെയായിരുന്നു.
ഈ നാടിന്റെ ചരിത്രാവശിഷ്ടമായിരുന്ന ബോട്ടുജട്ടികൾ പൂർണമായും സംരക്ഷിച്ച് നിലനിർത്താൻ കഴിയാഞ്ഞതിൽ ചരിത്രബോധമുള്ളവർ ദുഖത്തിലാണ്. റാന്നി പാലത്തിനു സമാന്തരമായി നിർമ്മിക്കുന്ന പാലംപണി പൂർത്തിയാക്കി വൺവേ ഏർപ്പെടുത്തണമെന്ന നിർദേശം വേഗത്തിൽ നടപ്പാക്കണം. അങ്ങാടി-പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളുടെ ഈ സംഗമ പ്രദേശത്തെ മാലിന്യമുക്തമാക്കുവാൻ കർശന നീക്കങ്ങളുണ്ടാകണം.
നദീസംരക്ഷണ നിയമമനുസരിച്ച് പാലവും ജലവിതരണ പദ്ധതിയുമുൾപ്പെടുന്ന ഇവിടെ നദിയും തീരപ്രദേശവും പൂർണമായും സംരക്ഷണ മേഖലയായതിനാൽ നിയമലംഘനങ്ങൾ നടക്കാതെ പൂർണമായും പരിരക്ഷിക്കപ്പെടണം. ജല അതോറിട്ടിയുടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഇൻഫിൽട്രേഷൻ ഗാലറികൾ വർഷങ്ങളായി നീക്കംചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണ്. മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം ഇവിടെ വാട്ടർ സ്റ്റേഡിയം നിർമ്മിച്ചാൽ ജലമേള പ്രൗഢഗംഭീരമാകും. ഭഗവതികുന്ന് ക്ഷേത്ര കടവിന് മുകളിൽ നിന്നും റാന്നി പാലം വരെ മത്സര ട്രാക്ക് ക്രമീകരിച്ചാൽ ഇരുകരകളിലും റാന്നി പാലത്തിലും കാണികൾ തിങ്ങിനിറയും.
റാന്നി ടൗണിൽ തന്നെ ഉത്സവ പ്രതീതിയോടെ ജലമേളയുടെ പെരുമയുയരും. റാന്നി വലിയ പാലത്തോട് ചേർന്നുള്ള സാംസ്കാരിക പ്രാധാന്യമുള്ള പ്രദേശങ്ങൾ വികസിപ്പിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കി നടപ്പിലാക്കിയാൽ ഇവിടെയെത്തുന്നവർക്കും നാട്ടുകാർക്കും വിശ്രമദിനങ്ങളിലും സായാഹ്നങ്ങളിലും നദിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയും. അതോടൊപ്പം ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള ഈ സംഗമഭൂമി വരുംതലമുറയ്ക്കായി നില നിർത്തുവാനും കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.