കോട്ടയം: ഡോക്ടർ ചമഞ്ഞെത്തിയ യുവതി രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ അഡീഷണൽ ചീഫ് സെക്രട്ടറി പരിശോധന നടത്തി. ശനിയാഴ്ച അർധരാത്രിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ് ആണ് പരിശോധന നടത്തിയത്.
ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളും കുഞ്ഞിനെ തട്ടിയെടുത്ത ദിവസത്തെ സി.സി.ടിവി ദൃശ്യങ്ങളും അഡീഷണൽ ചീഫ് സെക്രട്ടറി പരിശോധിച്ചു. ആശ തോമസും ഉടൻ തന്നെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെയോ ജീവനക്കാരുടെയോ ഭാഗത്ത് വീഴ്ചയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ആസൂത്രണത്തിനു ശേഷമാണ് കുട്ടിയെ കടത്തിയത്. പ്രതിക്ക് ആശുപത്രിക്കുള്ളിൽ നിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിയ ആരോഗ്യ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചൂണ്ടിക്കാട്ടുന്നത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഡോക്ടർ ചമഞ്ഞെത്തിയ നീതു രാജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനകോളജി വാർഡിൽ നിന്ന് കുമളി വണ്ടിപ്പെരിയാർ വലിയതറയിൽ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിനെ തട്ടിയെടുത്തത്. ഒരു മണിക്കൂറിനകം കുഞ്ഞിനെയും ഇവരെയും ആശുപത്രിക്ക് സമീപത്തെ ബാർ ഹോട്ടലിൽ നിന്ന് ഗാന്ധിനഗർ പൊലീസ് കണ്ടെത്തി.
സംഭവത്തിൽ കളമശ്ശേരിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതു രാജും (30) സുഹൃത്തും കളമശ്ശേരി സ്വദേശി ഇബ്രാഹീം ബാദുഷയും (28) റിമാൻഡിലാണ്. തെളിവെടുപ്പിന് നീതുവിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കോടതിയിൽ തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും.
നീതുവിനെതിരെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. മനുഷ്യക്കടത്ത്, ആൾമാറാട്ടം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഒറ്റക്കാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.