തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിന് സർക്കാർ സംരക്ഷണം നൽകും. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കിയാണ് രക്ഷപ്പെടുത്തിയത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജൂലൈ ഒൻപതിനാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യും.
ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ന്യൂറോ സര്‍ജറി പ്രഫസര്‍ ഡോ. ബിജു ഭദ്രന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അമ്പിളി, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.