ആർ. ബാലകൃഷ്​ണപിള്ള (യുവാവായിരുന്നപ്പോഴുള്ള ചിത്രം)

കമ്യൂണിസ്​റ്റായതിനാൽ കോളജിൽ പ്രവേശനമില്ല

തിരുവനന്തപുരം എം.ജി കോളജിലും യൂനിവേഴ്​സിറ്റി കോളജിലും പഠിക്കുമ്പോൾ പി.കെ. വാസുദേവൻ നായരും ബാലകൃഷ്​ണപിള്ളയുമൊക്കെ കമ്യൂണിസ്​റ്റ്​ അനുഭാവികളും വിദ്യാർഥി യൂനിയൻ പ്രവർത്തകരും...

'നിങ്ങളെന്നെ കമ്യൂണിസ്​റ്റാക്കി' എഴുതിയ തോപ്പിൽ ഭാസി അന്ന്​ വിദ്യാർഥി കോൺഗ്രസുകാരൻ

ഇൻറർമീഡിയറ്റിന്​ എം.ജി കോളജിലും ബി.എക്ക്​ യൂനിവേഴ്​സിറ്റി കോളജിലും. അന്ന്​ കേരള യൂനിവേഴ്​സിറ്റി ആയിട്ടില്ല. തിരുവിതാംകൂർ യൂനിവേഴ്​സിറ്റിയാണ്​.

ഇൻറർമീഡിയറ്റിന്​ എം.ജി കോളജിൽ എത്തിയതിനു പിന്നിലുമുണ്ട്​ കൗതുകകരമായ ഒരു കഥ.

സ്​കൂൾ വിദ്യാർഥിയായിരിക്കെ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സ്​റ്റുഡൻറ്​സ്​ ഫെഡറേഷ​​െൻറ (എസ്​.എഫ്​) പ്രവർത്തകനായിരുന്നു പിള്ള. അന്നത്തെ​ ഇൻറർമീഡിയറ്റ്​ കോളജി​െൻറ (പിൽക്കാലത്തെ ആർട്​സ്​ കോളജ്​) പ്രിൻസിപ്പൽ മള്ളൂർ ഗോവിന്ദപ്പിള്ളയുടെ മരുമകൻ ഷേക്​സ്​പിയർ ശിവരാമപിള്ള എന്നറിയപ്പെട്ടിരുന്നയാളായിരുന്നു. ബാലകൃഷ്​ണപിള്ള എസ്​.എഫുകാരനായതിനാൽ അവിടെ അഡ്​മിഷൻ നിഷേധിക്കപ്പെട്ടു. ഇൻറർമീഡിയറ്റ്​ പഠനത്തിന്​ എം.ജി കോളജ്​ തെരഞ്ഞെടുക്കാൻ കാരണം അതായിരുന്നു എന്ന്​ പിള്ള പിന്നീട്​ പറഞ്ഞിട്ടുണ്ട്​.

പിന്നീട്​ ഡിഗ്രിക്ക്​ യൂനിവേഴ്​സിറ്റി കോളജിൽ എത്തിയപ്പോൾ സഹപാഠികളായിരുന്നവരിൽ പിൽക്കാലത്ത്​ പ്രശസ്​തരായിത്തീർന്ന പലരുമുണ്ട്​. പുതുശ്ശേരി രാമചന്ദ്രൻ, കിളിമാനൂർ രമാകാന്തൻ, കരമന ജനാർദനൻ നായർ, എൻ. മോഹനൻ, ജി.എൻ പണിക്കർ തുടങ്ങിയവരൊക്കെ അന്ന്​ ബാലകൃഷ്​ണപിള്ളയുടെ സഹപാഠികളായിരുന്നു.

പഞ്ചാബെങ്കിൽ പഞ്ചാബ്​..

സ്വന്തം നാവിന്​ കടിഞ്ഞാണിടാൻ പിള്ള മെനക്കെടാറില്ല... ആഞ്ഞുവീശുന്ന കോടാലി കണക്കൊരു പോക്കാണത്​.. അതിനു മുന്നിൽ ചിലപ്പോൾ സ്വന്തം മകൻ പോലും മുറിവേറ്റു വീണെന്നിരിക്കും...

അങ്ങനെ ലക്കും ലഗാനുമില്ലാതെ പാഞ്ഞുകയറിയൊരു പ്രസംഗത്തിലാണ്​ പിള്ളക്ക്​ മന്ത്രിസ്​ഥാനംവരെ രാജിവെക്കേണ്ടിവന്നത്​. ചരിത്രത്തിൽ അതിന്​ 'പഞ്ചാബ്​ മോഡൽ പ്രസംഗം' എന്ന പേരും പതിഞ്ഞു.

1985ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയാണ്​ ബാലകൃഷ്‌ണപിള്ള. അക്കാലത്ത്​ പാലക്കാടിന്​ ഒരു കോച്ച്​ ഫാക്​ടറി അനുവദിക്കാമെന്ന്​ പ്രധാനമന്ത്രിയായിരുന്ന രാജീവ്​ ഗാന്ധി ഉറപ്പുനൽകിയിരുന്നു. പക്ഷേ, സമയമായപ്പോൾ കോച്ച്​ ഫാക്​ടറി പഞ്ചാബിലേക്ക്​ പോയി. അതേക്കുറിച്ച്​ മേയ്​ 25 ന്​ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരള കോൺഗ്രസ്‌ സമരപ്രഖ്യാപന സമ്മേളനത്തിൽ പിള്ളയൊരു പ്രസംഗം കാച്ചി. നാവിൽ വികടസരസ്വതി വിളയാടി. ഖാലിസ്​ഥാൻ എന്ന പ്രത്യേക പദവിക്കായി സമരം ചെയ്യുന്ന പഞ്ചാബുകാരെ തൃപ്​തിപ്പെടുത്താനാണ്​ രാജീവ്​ ഗാന്ധി കോച്ച്​ ഫാക്​ടറി പഞ്ചാബിലേക്ക്​ കൊണ്ടുപോയതെന്നായിരുന്നു പിള്ളയുടെ ആക്ഷേപം. കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിന്​ നിർബന്ധിതരാകുമെന്ന് പിള്ള പ്രസ്താവിച്ചു.

ജി. കാർത്തികേയനെ പോലുള്ള യൂത്ത്‌കോൺഗ്രസ്‌ നേതാക്കൾ അന്ന്​ ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമാണ്​. മന്ത്രി എന്നനിലയിൽ പിള്ളയുടെ പ്രസംഗം സത്യപ്രതിജ്​ഞ ലംഘനമാണെന്നും മന്ത്രിപദം രാജിവെക്കണമെന്നും പാളയത്തിൽ നിന്നുതന്നെ പടയൊരുങ്ങി. കേരള ഹൈകോടതിയിൽ വിഷയം പൊതുതാൽപര്യ ഹരജിയായെത്തി. ജസ്‌റ്റിസ്​ രാധാകൃഷ്‌ണ മേനോ​െൻറ പരാമർശത്തെ തുടർന്ന്‌ പിള്ളക്ക്​ മന്ത്രിപദം രാജിവെക്കേണ്ടിവന്നു. പകരം കെ.എം. മാണിക്കായിരുന്നു വൈദ്യുതി വകുപ്പി​െൻറ അധിക ചുമതല.

കൊട്ടാരക്കരയും പിള്ളയും

യാത്ര ചെയ്യാനാളുണ്ടോ എന്നു നോക്കാതെ കേരളത്തി​െൻറ ഏത്​ മുക്കിൽ നിന്നും കൊട്ടാരക്കരയിലേക്ക്​ കെ.എസ്​.ആർ.ടി.സി ബസുണ്ടായിരുന്ന ഒരു കാലമുണ്ട്​. ആർ. ബാലകൃഷ്​ണപിള്ള ട്രാൻസ്​പോർട്ട്​ മന്ത്രിയായ കാലത്തു തുടങ്ങിയ ശീലമാണത്​. കൊട്ടാരക്കര എന്നാൽ ആർ. ബാലകൃഷ്​ണപിള്ള എന്നായിരുന്നു ഒരു കാലത്ത്​ അർഥം.

ഇരുമുന്നണികൾക്കുമൊപ്പം മാറി മാറി തായം കളിച്ച രാഷ്​ട്രീയ ജീവിതത്തിൽ കൊട്ടാരക്കര മണ്ഡലം പിള്ളയെ വരിച്ചത്​ എട്ടു തവണയായിരുന്നു. ഒരു തവണ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ കൂടിയതേയില്ല. 1977മുതൽ 2001 വരെ നടന്ന തുടർച്ചയായ ഏഴ്​ തെരഞ്ഞെടുപ്പിലും കൊട്ടാരക്കര മണ്ഡലത്തിൽനിന്ന്​ പിള്ളതന്നെ തെര​ഞ്ഞെടുക്കപ്പെട്ടു.

1960ലാണ്​ ആദ്യമായി പിള്ള തെരഞ്ഞെടുപ്പിനിറങ്ങുന്നത്​. അന്ന്​ പത്തനാപുരം മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങുമ്പോൾ വയസ്സ്​ വെറും 25. മത്സരിക്കാൻ പോന്ന പ്രായത്തെക്കുറിച്ച്​ തർക്കംവരെ മുറുകി. കോൺഗ്രസി​െൻറ ബാനറിൽ ആ മത്സരം ജയിച്ച പിള്ള 1965 ൽ കൊട്ടാരക്കര മണ്ഡലത്തിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ കേരള കോൺഗ്രസുകാരനായി മാറിയിരുന്നു. സി.പി.ഐ - ആർ.എസ്​.പി സ്​ഥാനാർഥിയായി ഇ. ചന്ദ്രശേഖരൻ നായരും കോൺഗ്രസ്​ സ്​ഥാനാർഥിയായി ടി.കെ. കുര്യാക്കോസും സി.പി.എം സ്​ഥാനാർഥിയായി പാപ്പച്ചനും കേരള കോൺഗ്രസുകാരനായി പിള്ളയും ചതുഷ്​കോണ മത്സരത്തിനിറങ്ങിയപ്പോൾ 8139 വോട്ടി​െൻറ വിജയം പിള്ളക്കായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ അക്കുറി നിയമസഭ കൂടിയില്ല.

പക്ഷേ, 1967ൽ പിള്ളക്ക്​ അടി തെറ്റി. കോൺഗ്രസിലെ ഗർജിക്കുന്ന സിംഹമായിരുന്ന സി.എം. സ്​റ്റീഫനെയും ബലാകൃഷ്​ണപിള്ളയെയും തറപറ്റിച്ച്​ ഇ. ചന്ദ്രശേഖരൻ നായർ നിയമസഭയിലെത്തി. 1970ലും പിള്ള തോറ്റു. സി.പി.എം സ്​ഥാനാർഥിയെ നിർത്താതിരുന്നിട്ടും കോൺഗ്രസിലെ കൊട്ടറ ഗോപാലകൃഷ്​ണൻ ബാലകൃഷ്​ണ പിള്ളയെ തോൽപ്പിച്ചു.

തൊട്ടടുത്ത വർഷം മാവേലിക്കര മണ്ഡലത്തിൽനിന്ന്​ പാർലമെൻറിലേക്ക്​ ജയിച്ചു. 75ൽ കേരള കോൺഗ്രസ്​ മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചതി​െൻറ ഭാഗമായി പിള്ള ​അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. പാർലമെൻറംഗമായിരിക്കെ കേരള മന്ത്രിസഭയിലും അംഗമായ റെക്കോഡും അങ്ങനെ പിള്ളക്കായി.

1977ൽ കേരള കോൺഗ്രസ്​ സി.പി.എമ്മി​നൊപ്പം നിന്നു. സി.പി.ഐ - കോൺഗ്രസ്​ മുന്നണി സ്​ഥാനാർഥിയായ കൊട്ടറ ഗോപാലനും സി.പി.എം - കേരള കോൺഗ്രസ്​ സ്​ഥാനാർഥിയായി ബാലകൃഷ്​ണപിള്ളയും മത്സരിച്ചു. ജയിച്ചത്​ പിള്ളതന്നെയാണ്​.

1980ൽ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ സി.പി.എം, സി.പി.ഐ, ആർ.എസ്​.പി, അഖിലേന്ത്യ ലീഗ്​, കോൺഗ്രസ്​ (എ), പാർട്ടിക​ളോ​ടൊപ്പം പിള്ളയും ചേർന്നു. യു.ഡി.എഫിലെ തേവന്നൂർ ശ്രീധരൻ നായരെ 36,711 വോട്ടുകളുടെ ഭൂരിപക്ഷത്തിന്​ ബാലകൃഷ്​ണപിള്ള തറപറ്റിച്ചു. അക്കാലത്തെ റെക്കോർഡ്​ ഭൂരിപക്ഷമായിരുന്നു അത്​. നായനാർ മന്ത്രിസഭയിൽ പിള്ള വൈദ്യുതി മന്ത്രിയായി.

1982ൽ പിള്ളയുടെ പാർട്ടി കോൺഗ്രസിൽ ലയിച്ചു​. യു.ഡി.എഫ്​ സ്​ഥാനാർഥിയായി മത്സരിച്ച പിള്ള ഇ. ചന്ദ്രശേഖരൻ നായരെ തോൽപ്പിച്ചു. വിവാദമായ 'പഞ്ചാബ്​ മോഡൽ പ്രസംഗ'ത്തി​െൻറ പേരിൽ മന്ത്രിസ്​ഥാനം രാജിവെക്കേണ്ടിയുംവന്നു.

പിന്നീട്​ കൊട്ടാരക്കര മണ്ഡലത്തിൽ പിള്ളയുടെ ഇരകളാകാനായിരുന്നു ഇടതു മുന്നണി സ്​ഥാനാർഥികളുടെ വിധി. 87ൽ സി.പി.ഐയിലെ ഇ. രാജേന്ദ്രനെ തോൽപ്പിച്ചപ്പോൾ 91ലും 96ലും സി.പി.എമ്മിലെ ജോർജ്​ മാത്യുവായിരുന്നു പിള്ളക്ക്​ ഇരയായത്​. 2001ൽ സി.പി.എം രവീന്ദ്രൻ നായരെ ഇറക്കിയെങ്കിലും ജയം പിള്ളയ്​ക്കു തന്നെയായിരുന്നു.

പക്ഷേ, 2006ൽ കൊട്ടാരക്കര കൊമ്പന്​ പി. ​െഎഷാ പോറ്റി എന്ന പുതുമുഖത്തിനു മുന്നിൽ അടിപതറി. വി.എസ്​ തരംഗത്തിൽ ഇടതുമുന്നണി ഭരണം പിടിച്ച തെരഞ്ഞെടുപ്പിൽ 12087 വോട്ടിനായിരുന്നു ഈ അതികായ​െൻറ പതനം.

ഓരോ തിരിച്ചടികളിലും പിള്ളക്കൊപ്പം നിന്ന മണ്ഡലമാണ്​ കൊട്ടാരക്കര. വിവാദങ്ങളിലും കോടതി വിധികളിലും ജയിൽവാസത്തിലും പെട്ട്​ തിരിച്ചിറങ്ങേണ്ടിവരുമ്പോൾ പിള്ള പതിവായി പറഞ്ഞിരുന്ന ഒരു ഡയലോഗുണ്ട്​... 'ഇനി ജനങ്ങളുടെ കോടതിയിൽ കാണാം...'

ജനം എന്നാൽ പിള്ളക്ക്​ കൊട്ടാരക്കരക്കാരാണ്​. ആ വിശ്വാസത്തിന്​ 2006ൽ ഇളക്കം തട്ടിയപ്പോൾ മുതൽ തെരഞ്ഞെടുപ്പ്​ ഗോദയിൽ നിന്ന്​ വിട്ടുനിന്നത്​ അതുകൊണ്ടാണ്​. തന്നെ ജയിലിലാക്കിയ ഇടതു മുന്നണിയിൽ അവസാന കാലത്ത്​ കാബിനറ്റ്​ പദവിയിൽ മുന്നാക്ക ക്ഷേമ കമീഷൻ ചെയർമാനായി തിരിച്ചുകയറിയത്​ ഒരർഥത്തിൽ പിള്ളയുടെ മധുരപ്രതികാരമായിരുന്നു.

Tags:    
News Summary - Being a communist, did not get admission in college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.