കേരളത്തിൽ ഭാരത് ബന്ദെന്ന് പ്രചരണം; കടകൾ അടപ്പിച്ചാൽ അറസ്റ്റ്

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചെന്ന് പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ പൊലീസിനോട് സജ്ജമായിരിക്കാന്‍ നിർദേശിച്ച് ഡി.ജി.പി അനില്‍കാന്ത്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍സമയവും സേവനസന്നദ്ധരായിരിക്കണം.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫിസുകള്‍, കെ.എസ്.ആർ.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക്​ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ല പൊലീസ് മേധാവികൾ നടപടി സ്വീകരിക്കും. സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും.

പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായറാഴ്ച രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങ്ങും പട്രോളിങ്ങും ഏര്‍പ്പെടുത്തും. ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡി.ഐ.ജിമാരും മേഖല ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

Tags:    
News Summary - Bharat bandh tomorrow, Arrest if shops closing forcefully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.