തൃശൂർ: സംസ്ഥാന ചരക്കുസേവന നികുതി (എസ്.ജി.എസ്.ടി) വരുമാനത്തിൽ ഈമാസം വൻ ഇടിവ്. മേയ് അവസാനിക്കാൻ ആറുദിവസങ്ങൾ ശേഷിക്കെ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 300 കോടി രൂപയുടെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 2022 ഏപ്രിലിൽ 2,689 കോടിയായിരുന്ന വരുമാനം കഴിഞ്ഞ മാസം 3,010 കോടിയായി ഉയർന്നിരുന്നു. 12 ശതമാനം അധിക വരുമാനമാണ് ഏപ്രിലിൽ ലഭിച്ചത്. ഇതിന് ആനുപാതികമായ വളർച്ച മേയിൽ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മേയിലെ വരുമാന കുറവ് എസ്.ജി.എസ്.ടിക്ക് പുറമേ കേന്ദ്ര ചരക്ക് സേവന നികുതിയിലും (സി.ജി.എസ്.ടി), ഇതര സംസ്ഥാനങ്ങളുമായുള്ള സംയോജിത ചരക്ക് സേവന നികുതിയിലും (ഐ.ജി.എസ്.ടി) പ്രതിഫലിക്കും. മൂന്നു വിഭാഗങ്ങളിലുമായി ഏകദേശം ആയിരം കോടി രൂപയുടെ കുറവാണ് ഈ മാസം പ്രതീക്ഷിക്കുന്നത്. ഒരു വസ്തുവിന്റെ ജി.എസ്.ടിയിൽ പകുതി സംസ്ഥാന, കേന്ദ്ര വിഭാഗങ്ങൾക്കാണ് ലഭിക്കുന്നത്. ഐ.ജി.എസ്.ടി വിഹിതം കേന്ദ്രം പിന്നീട് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുകയും ചെയ്യും.
മാർച്ചിലെ വിൽപന റിട്ടേണുകൾ ഏപ്രിലിലും ഏപ്രിലിലെ വിൽപന റിട്ടേണുകൾ മേയിലുമാണ് ഫയൽ ചെയ്യുക. വാഹന വിപണിയിലും നിർമാണ മേഖലയിലും മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ കച്ചവടം കുറഞ്ഞതാണ് കോടികളുടെ ഇടിവിന് കാരണം. സാമ്പത്തിക വർഷാവസാന ഭാഗമായി മാർച്ചിൽ വ്യാപാരികൾ വിൽപന ഊർജിതമാക്കിയതാണ് ഏപ്രിലിൽ വൻതോതിൽ നികുതി കുതിക്കാൻ ഇടയാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന മൂന്നുമാസങ്ങളിലെ (ക്യൂ.ആർ.എം.പി) റിട്ടേൺ ഏപ്രിലിൽ ഫയൽ ചെയ്തതും വരുമാന വർധനവിന് കാരണമായിരുന്നു. അതേസമയം, നികുതി വല്ലാതെ കുറഞ്ഞ വിഷയത്തിൽ കാരണം ചികഞ്ഞ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. ഏപ്രിൽ റിട്ടേൺ ഇതുവരെയും ഫയൽ ചെയ്യാത്ത വ്യാപാരികളെ സമീപിച്ച് റിട്ടേൺ ഉടനെ ഫയൽ ചെയ്യാൻ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് സമ്മർദം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.