പള്ളുരുത്തി: എറണാകുളം ഭാഗത്തുനിന്ന് പള്ളുരുത്തിയിലേക്ക് വരുകയായിരുന്ന രണ്ട് എൻഫീൽഡ് ബൈക്ക് താൽക്കാലിക കച്ചവട സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് നാേലാടെ പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനുമുന്നിലായിരുന്നു അപകടം.
ഉത്സവങ്ങൾ കണക്കിലെടുത്ത് റോഡരികിൽ പൊരിവിഭവങ്ങളുടെ കച്ചവടവും ചെടികൾ വിൽപന നടത്തുന്നിടത്തേക്കുമാണ് ബൈക്കുകൾ പാഞ്ഞുകയറിയത്. ചെടി വിൽപനക്കാരനായ പാലക്കാട് സ്വദേശി വാസു (61), പള്ളുരുത്തി സ്വദേശികളായ നിയോ (21) ഫെബിൻ ( 20) അൻവർ (43) കച്ചേരിപ്പടി സ്വദേശി റെക്സൺ ( 23) എന്നിവർക്കാണ് പരിക്കേറ്റത്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കൾക്കും കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ആൾക്കും പരിക്കേറ്റിട്ടുണ്ട്. വിൽപനക്കായി വെച്ചിരിക്കുന്ന പൊരി ഭക്ഷണസാധനങ്ങളും റോഡിൽ ചിതറി. ചെടി വിൽപനശാലയിലെ ചെടികളും നശിച്ചിട്ടുണ്ട്. മുന്നിൽ പോവുകയായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് സംഭവം കണ്ടു നിന്നവർ പറഞ്ഞു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.