അന്ധവിശ്വാസങ്ങൾക്കെതിരായ ബിൽ തയാർ; അടുത്ത നിയമസഭ സമ്മേളനത്തിൽ വന്നേക്കും

തിരുവനന്തപുരം: അന്ധവിശ്വാസത്തിനെതിരായ ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ആഭ്യന്തര വകുപ്പ് തയാറാക്കി മുഖ്യമന്ത്രിയുടെ പരിഗണനക്ക് സമർപ്പിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നവർക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവും അരലക്ഷം രൂപ വരെ പിഴയും ശിക്ഷ നൽകാൻ കരട് ബില്ലിൽ വ്യവസ്ഥയുണ്ട്.

മന്ത്രിസഭ ബിൽ അംഗീകരിച്ചാൽ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ആലോചന. മാർച്ച് 30 വരെ നീളുന്ന നിയമസഭ സമ്മേളനത്തിൽ ഏതാനും ദിവസം നിയമനിർമാണത്തിനായി മാറ്റിവെച്ചിട്ടുണ്ട്. സമയം കിട്ടിയാൽ ഇതിൽ തന്നെ ബിൽ വരും. നരബലിയടക്കം സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് സർക്കാർ നിയമനിർമാണത്തിലേക്ക് പോകുന്നത്.

കുത്തിയോട്ടം, അഗ്നിക്കാവടി, തൂക്കം തുടങ്ങിയ ആചാരങ്ങൾ ബില്ലിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കാനാണ് ശിപാർശ. അനാചാരത്തിനിടെ മരണമുണ്ടായാൽ കൊലപാതക ശിക്ഷ നൽകണം. ഗുരുതര പരിക്കിനും ഐ.പി.സി വകുപ്പുകൾ പ്രകാരമാകും ശിക്ഷ.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യം നൽകിയാലും ശിക്ഷയുണ്ടാകും. തട്ടിപ്പിന് സഹായിക്കുന്നവർക്കും സമാന ശിക്ഷയുണ്ട്. ഇന്‍റലിജന്‍റ് എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രനും നിയമപരിഷ്കരണ കമീഷൻ ചെയർമാൻ ജ. കെ.ടി. തോമസും ബിൽ സംബന്ധിച്ച് ശിപാർശ നൽകിയിരുന്നു. 2014 ലാണ് കരട് ബിൽ തയാറാക്കിയത്.

Tags:    
News Summary - bill against superstitions is ready; It may come in the next assembly session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.