കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ നാല് പതിറ്റാണ്ട് പിന്നിട്ട എൽ.ഡി.എഫ് ഭരണകുത്തക തന്ത്രപരമായി മറികടന്ന് ബി.ജെ.പി. പ്രധാന്യമേറിയ മരാമത്ത് സ്ഥിരം സമിതി ചെയർമാൻ സ്ഥാനം സ്വന്തമാക്കി. കോൺഗ്രസിനോടുള്ള അയിത്തവും നഗരസഭ ഇടത് നേതാക്കളുടെ ജാഗ്രതയില്ലായ്മയമാണ് ബി.ജെ.പിക്ക് അധികാര പങ്കാളിത്തത്തിന് വഴിതുറന്നത്. നേതാക്കൾക്കിടയിലെ ഈ അഭിപ്രയങ്ങൾ കൊടുങ്ങല്ലൂരിലെ ഇടത് മുന്നണിക്കുള്ളിൽ പുകച്ചിലായി മാറിയിരിക്കുകയാണ്.
ബി.ജെ.പിക്ക് സ്ഥിരം സമിതി ചെയർമാൻ ലഭിക്കാനിടയായതിൽ നരസഭയിലെ സി.പി.എം നേതാവിെൻറ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ േലാക്കൽ കമ്മിറ്റി അംഗം ആവശ്യം ഉയർത്തുകയുണ്ടായി. എൽ.ഡി.എഫ് 22, ബി.ജെ.പി 21 എന്നിങ്ങനെ കക്ഷിനില നിലനിൽക്കുമ്പോൾ ഏക കോൺഗ്രസ് അംഗത്തെ കൂടെ നിർത്താൻ തയാറാകാത്തതും വിമർശന വിധേയമായി. ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടിരുന്നെങ്കിൽ നഗരസഭയിൽ ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് മരാമത്ത് സ്ഥിരം സമിതി ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കേണ്ടി വരില്ലായിരുന്നുവെന്ന് ഇടത് നേതാക്കളിൽ പലരും സമ്മതിക്കുന്നുണ്ട്.
വെള്ളിയാഴ്ച നടന്ന മരാമത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒ.എൻ. ജയദേവൻ ചെയർമാനായി തെരഞ്ഞെടുത്തു. സി.പി.ഐക്ക് ലഭിച്ചിരുന്ന മരാമത്ത് ചെയർമാൻ സ്ഥാനം ബി.ജെ.പി കൊണ്ടുപോയതോടെ പകരം വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി വിട്ടുകൊടുക്കാൻ സി.പി.എം നിർബന്ധിതമായി. വനിത സംവരണമായ ഈ സ്ഥാനത്തേക്ക് സി.പി.ഐയിലെ ഷീല പണിക്കശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു.
ക്ഷേമകാര്യ ചെയർമാനായി സി.പി.എമ്മിലെ കെ.എസ്. കൈസാബ് വിജയിച്ചു. വനിതകൾക്ക് സംവരണം ചെയ്ത വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി സി.പി.എം കൗൺസിലർ ലത ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു വനിത സംവരണമായ ആരോഗ്യം സ്ഥിരംസമിതി ചെയർപേഴ്സനായി സി.പി.ഐയിലെ എൽസി പോൾ വിജയിച്ചു. വൈസ് ചെയർമാൻ എന്ന നിലയിൽ കെ.ആർ. ജൈത്രൻ ധനകാര്യ സ്ഥിരം സമിതി ചെയർമാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.