മുൻ എം.എൽ.എയും സി.പി.എം നേതാവുമായ അന്തരിച്ച പി.വി. വർഗീസ് വൈദ്യരുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, പിന്നീട് മുൻ എം.എൽ.എ പി. കൃഷ്ണപ്രസാദ് ചെയർമാനായി ചുമതലയേൽക്കുകയും പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടുപോവുകയും ചെയ്തു. കോർപറേറ്റുകളുടെയും വൻകിട ബിസിനസുകളുടെയും പിടിയിൽനിന്ന് കർഷകരെ രക്ഷിച്ച് അവരുടേതായ വരുമാനസ്രോതസ്സ് ഉണ്ടാക്കിയെടുക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം. ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളാണ് തുടക്കത്തില്‍ സൊസൈറ്റി നടത്തിയത്. പിന്നീട് മലബാര്‍ മീറ്റ്, വയനാട് കോഫി, ഫാര്‍മേഴ്സ് ട്രേഡ് മാര്‍ക്കറ്റ് തുടങ്ങിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു. കേരള ചിക്കന്‍ പ്രോജക്ടിന്റെ നോഡല്‍ ഏജന്‍സിയായും ബി.ഡി.എസ് മാറി.
തൊള്ളായരത്തിലധികം നിക്ഷേപകരിൽനിന്ന് 50 കോടിയോളം രൂപ പിരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. നിക്ഷേപകരിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു. ആട്, പോത്ത്, കോഴി, താറാവ്, മുയൽ എന്നിവയുടെ മാംസം സംസ്കരിച്ചെടുക്കാനാണ് ബ്രഹ്മഗിരിയിൽ സൗകര്യമുള്ളത്. മികച്ചരീതിയിൽ മുന്നോട്ടുപോയിരുന്ന സ്ഥാപനത്തിൽ 2018 ഓടെയാണ് പ്രതിസന്ധികൾ തലപൊക്കിത്തുടങ്ങിയത്.
2018 കേരള ചിക്കൻ പദ്ധതി ബി.ഡി.എസ് ഏറ്റെടുത്തതോടെ സ്ഥാപനം തകർച്ച നേരിട്ടു. കോവിഡ് കാലം കടം കുമിഞ്ഞുകൂടാൻ കാരണമായി. ഈ സമയത്ത് ശീതീകരിച്ച മാംസം വിൽക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും വിപണനശൃംഖലയിലെ തടസ്സവും തൊഴിലാളികൾക്ക് കോവിഡ് ബാധമൂലം കൃത്യമായി ജോലിക്ക് എത്താനാവാത്തതും പ്രശ്നമായി. കേരള ചിക്കൻ പദ്ധതിക്ക് സർക്കാർ ബജറ്റിൽ വകയിരുത്തിയ 22 കോടി കിട്ടാതായതോടെ സാമ്പത്തികപ്രതിസന്ധിയും രൂക്ഷമായി.
ബി.ഡി.എസ് ചെയർമാനായിരുന്ന മുൻ എം.എൽ.എ പി. കൃഷ്ണപ്രസാദിനോടുള്ള താൽപര്യമില്ലായ്മയായിരുന്നു സൊസൈറ്റിക്ക് ബജറ്റിൽ വകയിരുത്തിയ ഫണ്ട് ലഭ്യമാവാതിരിക്കാൻ പ്രധാന കാരണമായി പറഞ്ഞുകേട്ടത്. വി.എസ് പക്ഷക്കാരൻ നേതൃത്വംകൊടുക്കുന്ന സൊസൈറ്റിക്ക് ഫണ്ട് അനുവദിക്കണമെങ്കിൽ അദ്ദേഹം തൽസ്ഥാനത്തുനിന്ന് മാറണമെന്നായിരുന്നുവത്രെ ആവശ്യം. അങ്ങനെ 10 മാസം മുമ്പ് കൃഷ്ണപ്രസാദ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറുകയും ഡൽഹിയിലേക്ക് പോവുകയും ചെയ്തെങ്കിലും ഫലം തഥൈവ. കേരള ചിക്കൻ പദ്ധതി തുടങ്ങുന്നതിന് സർക്കാർ അനുവദിച്ച ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ 6.5 കോടിയോളം രൂപ തറവാട് വീടും സ്വന്തം പേരിലുള്ള സ്ഥലവും പണയം വെച്ച് കൃഷ്ണപ്രസാദ് വായ്പ എടുത്തിരുന്നു. ഇപ്പോൾ 4.99 കോടിയോളം രൂപ പലിശയടക്കം ബാധ്യതയിൽ കുടുങ്ങി ബാങ്ക് നടപടികൾ നേരിടുകയാണ് അദ്ദേഹം.
മൂന്ന് ഷിഫ്റ്റുകളിലായി 100 വീതം പോത്തുകളെയും ആടുകളെയും 6000 വീതം കോഴികളെയും താറാവുകളേയും സംസ്കരിച്ച് പായ്ക്ക് ചെയ്യാൻ ശേഷിയുള്ളതാണ് മഞ്ഞാടിയിലെ ബി.ഡി.എസ് ഫാക്ടറി. സാമ്പത്തികപ്രതിസന്ധിയിൽ ഇതിന്റെ പ്രവർത്തനം പൂർണമായും എന്നുതന്നെ പറയാവുന്നവിധം നിലച്ചിരിക്കുകയാണിപ്പോൾ. കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഫാക്ടറിയുടെ വൈദ്യുതിബിൽ കുടിശ്ശിക മാത്രം 13.5 ലക്ഷമാണ്.
നാളെ
ഉയർച്ചയുടെ പടവുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.