തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് സാലറി ചലഞ്ചല്ല ബ്രൂവറി ചലഞ്ചാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും, ഒരു ഡിസ്റ്റലറിയും അനുവദിച്ചിരിക്കുകയാണ്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ. നിയമസഭയില്‍ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബഡ്ജറ്റിലോ പറയാതെ മന്ത്രിസഭയില്‍ പോലും കൊണ്ടു ചെല്ലാതെയാണ് ഇവ അനുവദിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ, ഡിസ്റ്റലറികളോ അനുവദിച്ചിട്ടില്ല. 1996 ല്‍ ബിയറും വിദേശ മദ്യവും ഉല്‍പ്പദിക്കുന്നതിന് വേണ്ടി ബ്രുവറികളും ഡിസ്റ്റലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും,ഫ 125 അപേക്ഷകള്‍ വരികയും ചെയ്തു. അത് വിവാദമായതിനെ തുടര്‍ന്ന് 1999 ല്‍ ആര്‍ക്കും ഇവ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 99 ലെ ആ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നിഷേധിച്ചത്. ഈ ഉത്തരവ് മറികടന്നാണ് പരമ രഹസ്യമായി ഇപ്പോള്‍ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് ബീയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറിക്ക് അനുമതി നല്‍കിയതാണ് ആദ്യത്തേത്. പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റലറീസ് ആൻറ് ബ്രൂവറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കി. തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിക്കുന്നതിന് കോമ്പൗണ്ടിംഗ്, ബെന്‍ഡിംഗ്, ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ശ്രീ ചക്രാ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്ക് അനുമതി നല്‍കി. തൃശ്ശൂര്‍ ജില്ലയില്‍ എവിടെയാണ് ഇത് സ്ഥാപിക്കുന്നതെന്ന് പോലും ഉത്തരവില്‍ പറയുന്നില്ല.
പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് എറണാകുളത്ത് കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ ബ്രൂവറി തുടങ്ങുന്നതിന് അനുമതി നല്‍കി. ഇതിനായി കിന്‍ഫ്രാ പാര്‍ക്കിലെ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനും തിരുമാനിച്ചു. ബ്രൂവറിയുടെ കപ്പാസിറ്റി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. എല്ലാ ഉത്തരവുകള്‍ക്കും ആധാരമായി പറയുന്നത് നികുതി വകുപ്പിന്റെ 1999 സെപ്തംബർ 29 ലെ സർക്കാർ ഉത്തരവാണ്. എന്നാല്‍ എന്നാല്‍ പുതുതായി ഡിസ്റ്റിലറികളും ബ്രുവറികളും സംസ്ഥാനത്ത് ആരംഭിക്കേണ്ടതില്ല എന്നാണ് ഈ ഉത്തരവില്‍ പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കുഗ്രാമങ്ങളില്‍ പോലും മദ്യമൊഴുക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ ഡിസ്റ്റലറികളും വ്യാപകമായി ആരംഭിക്കുകയാണ്. ഈ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.