തിരുവനന്തപുരം: മദ്യനിർമാണശാലകൾ ആരംഭിക്കാൻ സർക്കാർ നൽകിയത് പ്രാഥമിക അനുമതി മാത്രമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. വിശദറിപ്പോർട്ടും പ്ലാനും അനുബന്ധ രേഖകളും ഹാജരാക്കുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിരവധി വകുപ്പുകളുടെ അനുമതി ലഭ്യമായാലേ ലൈസൻസ് അനുവദിക്കൂ. ഇൗ വകുപ്പുകളുടെ അനുമതി പത്രം ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ അനുമതി പത്രം റദ്ദാകും. കമീഷണറുടെ റിപ്പോർട്ട് മറികടന്നാണ് സർക്കാർ ഉത്തരവായത് എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.
അപേക്ഷകളിൽ ചട്ടപ്രകാരമാണ് പ്രാഥമിക അനുമതി നൽകിയത്. ഇൗ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിട്ടില്ലാത്തതിനാൽ ഇപ്പോൾ നടക്കുന്ന ചർച്ച അപ്രസക്തമാണ്. അബ്കാരി നിയമത്തിലെ സെക്ഷൻ 14 പ്രകാരം മദ്യനിർമാണ യൂനിറ്റ് തുടങ്ങുന്നതിനു മുമ്പ് എക്സൈസ് കമീഷണർ സർക്കാറിെൻറ അനുമതി വാേങ്ങണ്ടതാണെന്ന് നിർദേശിക്കുന്നുണ്ട്. 1999 ലെ ഉത്തരവ് പ്രകാരം കോമ്പൗണ്ടിങ് ബ്ലൻഡിങ് ആൻഡ് ബോട്ട്ലിങ് യൂനിറ്റുകൾ അനുവദിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നതിനാൽ ശ്രീചക്രയുടെ അപേക്ഷയിൽ സർക്കാർ ഉത്തരവ് ഭേദഗതിവരുത്തി അപേക്ഷ പരിഗണിക്കണമെന്നാണ് റിപ്പോർട്ട് ചെയ്തത്. ഇൗ റിപ്പോർട്ടിലാണ് സർക്കാർ ഉത്തരവ് പ്രകാരം ശ്രീചക്ര ഡിസ്റ്റിലറിക്ക് യൂനിറ്റ് തുടങ്ങുന്നതിന് പ്രാഥമികമായി അനുമതി നൽകിയത്.
ചട്ടപ്രകാരം താൽപര്യമുള്ള ഏതൊരാൾക്കും യൂനിറ്റ് ആരംഭിക്കാൻ അപേക്ഷ നൽകാം. രേഖകൾ ശ്രീചക്ര 1998 ൽ സമർപ്പിച്ചിരുന്നു. യൂനിറ്റ് സ്ഥാപിക്കുന്ന സ്ഥലവും പ്രോജക്ട് റിപ്പോർട്ടടക്കം സമർപ്പിച്ചിരുന്നു. അപേക്ഷ നിരസിച്ചെങ്കിലും തെൻറ മുൻ അപേക്ഷകൾ പുനഃപരിശോധിച്ച് ഉത്തരവ് നൽകണമെന്ന് 2017 ലെ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് 2017 ലെ അപേക്ഷയുടെ അനുബന്ധമായി 1998 ലെ ഫയൽ ചേർത്ത് പരിശോധിച്ചു. ഇക്കാര്യത്തിൽ 1999 ലെ സർക്കാർ ഉത്തരവ് പുനഃപരിശോധിച്ചേ അപേക്ഷ പരിഗണിക്കാൻ കഴിയൂ എന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ തലത്തിൽ തീരുമാനമുണ്ടാകുന്നതിന് റിപ്പോർട്ട് നൽകിയതെന്ന് എക്സൈസ് കമീഷണർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.