തിരുവനന്തപുരം: എം.എൽ.എമാരെ കൂറുമാറ്റാൻ 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന വിവാദത്തിൽ തോമസ് കെ. തോമസിനെതിരെ എൻ.സി.പി ദേശീയ നേതൃത്വത്തിന് പരാതി. എ.കെ. ശശീന്ദ്രൻ വിഭാഗമാണ് അന്വേഷണം ആവശ്യപ്പെട്ട് ശരദ് പവാറിന് കത്തയച്ചത്. മഹാരാഷ്ട്രയിൽ എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പി (അജിത് പവാർ) വിഭാഗത്തിലേക്ക് ജനാധിപത്യ കേരള കോൺഗ്രസ് എം.എൽ.എ ആന്റണി രാജു, ആർ.എസ്.പി - ലെനിനിസ്റ്റ് എം.എൽ.എ കോവൂർ കുഞ്ഞുമോൻ എന്നിവരെ കൂറുമാറ്റാൻ എൻ.സി.പി (ശരദ് പവാർ വിഭാഗം) എം.എൽ.എ തോമസ് കെ. തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച തോമസിനെ അവിശ്വസിക്കുന്നില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്.
പാർട്ടിക്കുള്ളിൽ എ.കെ. ശശീന്ദ്രൻ - തോമസ് പോര് രൂക്ഷമാണ്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ പിന്തുണയോടെ ശശീന്ദ്രനെ മാറ്റി മന്ത്രി സ്ഥാനം നേടിയെടുക്കാനുള്ള തോമസിന്റെ നീക്കത്തിന് പൂർണ വിരാമമിടാനുള്ള അവസരമായാണ് ശശീന്ദ്രൻ വിഭാഗം കോഴ വിവാദത്തെ കാണുന്നത്. അജിത് പവാറിനൊപ്പം കൂടാൻ നീക്കം നടത്തിയെന്ന പരാതി ഉയർന്നതോടെ സ്വാഭാവികമായും ശരദ് പവാറിന്റെ പിന്തുണ തോമസിന് നഷ്ടമാകും. ഇടതു എം.എൽ.എമാരെ എൻ.ഡി.എ പക്ഷത്തേക്ക് കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തോമസിനോട് കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സാഹചര്യത്തിൽ തോമസിന്റെ മന്ത്രിമോഹം വഴിമുട്ടിയ നിലയിലാണ്.
സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച എം.എം.എമാരെ കൂറുമാറ്റാൻ കോഴ വാഗ്ദാന വിവാദത്തിന്റെ രണ്ടാം ദിനത്തിൽ കാര്യമായ തുടർചലനങ്ങളില്ല. തൃശൂരിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയായില്ല. സി.പി.എമ്മിനെ സംബന്ധിച്ച് വിഷയം പുതിയ കാര്യമല്ല. ഈ വർഷം ആദ്യമുണ്ടായ കോഴ വാഗ്ദാനം ആന്റണി രാജു അറിയിച്ച വിവരം മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും റിപ്പോർട്ട് ചെയ്തിരുന്നതാണ്. കോഴ വിവാദത്തിൽ ഉൾപ്പെട്ട മൂന്നു എം.എൽ.എമാരും ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്നവരാണെന്നതിനാൽ പ്രതികരണങ്ങൾക്ക് തയാറാകാതെ പ്രശ്നം തണുപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്തെത്തി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കേണ്ട കോഴ വിവരം അറിഞ്ഞിട്ടും പിണറായി അതു മറച്ചുവെച്ചെന്നത് ക്രിമിനൽ കുറ്റമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം ആവർത്തിച്ച് നിഷേധിച്ച തോമസ് കെ. തോമസ് ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.