കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു; പുതിയ നിരക്ക് ആഗസ്റ്റ് ഒന്നിന് നിലവിൽ വരും

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 60 ശതമാനം വരെയാണ് കുറവുണ്ടാവുക. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസിൽ കുറവുണ്ടാകും. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയും. പുതിയ നിരക്കുകൾ ആഗസ്റ്റ് ഒന്നിന് നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽനിന്ന് 25 രൂപയായി കുറക്കും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70 രൂപയിൽനിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയുക. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും നഗരസഭകളിൽ 120ൽ നിന്ന് 60 രൂപയായും കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയുക.

300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽനിന്ന് 100 രൂപയായി കുറക്കും. നഗരസഭകളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവുണ്ടാകും.

കാലാനുസൃതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നതെന്നും കേരളത്തിൽ നിലവിലുള്ളത് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി പകുതിയിലേറെ കുറക്കാൻ തയാറാവുന്നതെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം (ഏപ്രിൽ 30നകം) ഒടുക്കുകയാണെങ്കിൽ അഞ്ച് ശതമാനം റിബേറ്റ് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

Tags:    
News Summary - Building permit fees reduced; new rate will come into effect on August 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.