കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു; പുതിയ നിരക്ക് ആഗസ്റ്റ് ഒന്നിന് നിലവിൽ വരും
text_fieldsതിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ വരുത്തിയ വൻ വർധനയിൽ കുറവു വരുത്തി സർക്കാർ. നിലവിലെ നിരക്കിൽ 60 ശതമാനം വരെയാണ് കുറച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ ഭരണത്തിലെ തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അതൃപ്തിയുണ്ടാക്കിയ നടപടികൾ തിരുത്തണമെന്ന സി.പി.എം നിർദേശപ്രകാരമാണ് തദ്ദേശവകുപ്പിന്‍റെ തീരുമാനം. 2023 ഏപ്രിലിലാണ് നിരക്ക് വർധന നടപ്പാക്കിയത്.
80 ചതുരശ്ര മീറ്റർ (861 ചതുരശ്ര അടി) വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. 81 ചതുരശ്ര മീറ്റർ മുതൽ 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയുന്ന വിധമാണ് പുതിയ നിരക്ക്. കുറച്ച നിരക്കുകൾ ആഗസ്റ്റ് ഒന്നു മുതൽ നിലവിൽ വരുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള (1614 ചതുരശ്ര അടിവരെ) വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽനിന്ന് 25 രൂപയായി കുറയും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70ൽനിന്ന് 35 ആയും കോർപറേഷനിൽ 100ൽനിന്ന് 40 രൂപയായുമാണ് കുറയുക.
151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള (1625 ചതുരശ്ര അടി മുതൽ 3229 വരെ )വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്റർ 100 രൂപ എന്നതിൽനിന്ന് 50 ആയും, മുനിസിപ്പാലിറ്റികളിൽ 120ൽനിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽനിന്ന് 70 രൂപയായുമാണ് കുറയുക. 300 ചതുരശ്ര മീറ്റർ മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽനിന്ന് 100 രൂപയായി കുറക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
2023 ഏപ്രിൽ ഒന്നിന് മുമ്പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കാണ് ബാധകമായിരുന്നത്. 2023 ഏപ്രിൽ ഒന്നിന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി.
താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാലു വിഭാഗങ്ങളായി കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും. നിലവിൽ ഉയർന്ന ഫീസ് അടച്ചവർക്ക് മുൻകാല പ്രാബല്യത്തോടെ ഇളവ് നൽകൽ പ്രയോഗികമാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏപ്രിലിൽ കെട്ടിട നികുതി അടച്ചാൽ അഞ്ച് ശതമാനം ഇളവ്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട കെട്ടിട നികുതി സാമ്പത്തിക വർഷത്തിന്‍റെ ആദ്യമാസമായ ഏപ്രിൽ 30നകം അടച്ചാൽ അഞ്ചു ശതമാനം ഇളവ് നൽകും. നിലവിൽ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തിലാണ് കൂടുതൽ പേരും കെട്ടിട നികുതി തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.