തിരുവനന്തപുരം: സിറ്റിങ് എം.എൽ.എമാരുടെ മരണംമൂലം സംസ്ഥാനത്തെ ഒഴിവുള്ള രണ്ട് നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നണിബന്ധത്തിെൻറ കാര്യത്തിൽ നിലപാടെടുക്കാൻ കേരള കോണ്‍ഗ്രസ്-ജോസ് കെ. മാണി വിഭാഗത്തിൽ സമ്മർദമേറ്റുന്നു.
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധെപ്പട്ട തർക്കത്തിനൊടുവിലാണ് ജോസ്പക്ഷം യു.ഡി.എഫുമായി അകന്നത്. മുന്നണികളുമായി തുല്യ അകലം പ്രഖ്യാപിച്ച അവർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന നിലപാടിലായിരുന്നു. നിഷ്പക്ഷത ഉറപ്പിക്കാൻ രാജ്യസഭാ തെരഞ്ഞെടുപ്പിൽനിന്നും സർക്കാറിനെതിരായ അവിശ്വാസചർച്ചയിൽനിന്നും ജോസ്പക്ഷം വിട്ടുനിൽക്കുകയും െചയ്തു.
മുന്നണി ആവശ്യപ്പെട്ടിട്ടും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ അനുകൂല നിലപാടെടുക്കാത്ത ജോസ്പക്ഷത്തെ മുന്നണിയിൽനിന്ന് പുറത്താക്കാൻ ഇതോടെ, കോൺഗ്രസിൽ ധാരണയായി. ഇക്കാര്യം ചർച്ചചെയ്യാൻ യു.ഡി.എഫ് യോഗം ചേരാൻ നിശ്ചയിച്ചതിന് പിന്നാലെയാണ് ജോസ് പക്ഷത്തിന് അനുകൂലവിധി തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ഉണ്ടായത്. ഇതോടെ ജോസ് വിഭാഗത്തിനെതിരായ നീക്കത്തിൽനിന്ന് യു.ഡി.എഫും കോൺഗ്രസും മലക്കംമറിഞ്ഞു. അവരെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാനും കോൺഗ്രസ് ആഗ്രഹിച്ചു. എന്നാൽ, ഇതിനെതിരെ ജോസഫ് വിഭാഗം രംഗത്തുവന്നതോടെ ജോസിനെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധെപ്പട്ട നീക്കം താല്‍ക്കാലികമായി കോൺഗ്രസ് ഉപേക്ഷിച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് നടക്കുന്നതിനാൽ മുന്നണികളെ സംബന്ധിച്ചിടത്തോളം ഉപതെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. അതിെൻറ ഭാഗമായി ജോസ്പക്ഷത്തെ ഒപ്പം ചേർക്കാൻ എൽ.ഡി.എഫ് നീക്കം സജീവമാക്കിക്കഴിഞ്ഞു. ഇൗ സാഹചര്യത്തിൽ മുന്നണി ബന്ധം സംബന്ധിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കാതെ ഇപ്പോൾതന്നെ ജോസ്പക്ഷത്തിന് തീരുമാനമെടുക്കേണ്ടിവരും. എൽ.ഡി.എഫിനൊപ്പം ചേരാൻ തീരുമാനിച്ചാലും ജോസ്പക്ഷത്തിന് കുട്ടനാട് സീറ്റ് ലഭിക്കില്ല. യു.ഡി.എഫിനൊപ്പമാണെന്ന് അവർ തീരുമാനിച്ചാൽ കുട്ടനാട് സീറ്റിലെ സ്ഥാനാർഥി നിർണയം മുന്നണിക്ക് കീറാമുട്ടിയാകും.
യു.ഡി.എഫിലേക്കില്ലെന്ന് അവർ വ്യക്തമാക്കിയാല്‍ കെ.എം. മാണിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച എൽ.ഡി.എഫിനൊപ്പം ചേരാൻ മുന്നണിയിൽനിന്ന് സ്വയം പുറത്തുപോയെന്ന ആക്ഷേപമായിരിക്കും ഉയർത്തുക. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന ജോസ്പക്ഷത്തിെൻറ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുന്നണി ബന്ധം സംബന്ധിച്ച് ഏകദേശ തീരുമാനം ഉണ്ടാകുമെന്ന് സൂചനയുണ്ട്. എട്ടിന് യു.ഡി.എഫ് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.