സി. മുഹമ്മദ് ഫൈസി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. മന്ത്രി കെ. ടി ജലീലിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പുതിയ ഹജ്ജ് കമ്മറ്റിയുടെ ആദ്യയോഗമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായ കമ്മറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മര്‍കസ് സെക്രട്ടറിയും  സിറാജ് ദിനപത്രം പബ്ലിഷറും  ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്മിയുമാണ് സി. മുഹമ്മദ് ഫൈസി. മുസ്‌ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്രകൂടിയാലോചന സമിതി അംഗം, ഇന്ത്യയിലാകെ ആയിരക്കണക്കിന് മദ്രസകള്‍ നടത്തുന്ന  ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്‌ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ എന്നിവകളില്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു.  കേരളാ വഖഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയാണ്. 

പ്രമുഖ പണ്ഡിതനായിരുന്ന  നെടിയനാട് സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ മകനായി 1955ഇല്‍  ജനനം. പിതാവില്‍ നിന്ന് പ്രാഥമിക പഠനം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ് ട്രെയിനിംഗ് പഠനം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. മര്‍കസ് ശരീഅ കോളജില്‍ ദീര്‍ഘകാലമായി സീനിയര്‍ പ്രൊഫസറാണ്. 

ജോര്‍ദാന്‍, ഈജിപ്ത്, മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അറബ് ലോകത്തുമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.  രചനകള്‍: ഖുര്‍ആന്‍ പഠനവും പാരായണവും, ഇന്ത്യന്‍ ഭരണഘടനയും ശരീഅത്തും, പ്രബോധകന്‍. 

പി വി അബ്ദുല്‍വഹാബ് എം പി, കാരാട്ട്‌റസാഖ് എം എല്‍ എ , മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ,  മുഹമ്മദ് കാസിം കോയ പൊന്നാനി, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അബ്ദുര്‍റഹ്മാന്‍ എന്ന ഉണ്ണി കൊണ്ടോട്ടി, മുസ്‌ലിയാര്‍ സജീര്‍ മലപ്പുറം, എല്‍ സുലൈഖ കാഞ്ഞങ്ങാട്, വി ടി അബ്ദുല്ല കോയ തങ്ങള്‍ കാടാമ്പുഴ, പി കെ അഹമ്മദ് കോഴിക്കോട്, എം എസ് അനസ് അരൂര്‍, മുസമ്മില്‍ ഹാജി ചങ്ങനാശ്ശേരി എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങള്‍. മലപ്പുറം ജില്ലാകലക്ടര്‍ അമിത്മീണയും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ഷിഹാബ് തങ്ങളും എക്‌സ് ഓഫീഷ്യോ അംഗങ്ങളാണ്.

Tags:    
News Summary - C Muhammed Faizy elected as Hajj committee chairman- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.