‘വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വം’; ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് മന്ത്രിസഭ യോഗം

മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലം എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ യോഗം അനുശോചിച്ചു. ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തിൽ പറയുന്നു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം. ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

അനുശോചന പ്രമേയത്തിന്റെ പൂർണരൂപം:

“മുൻ മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോൺഗ്രസിലെത്തി ആ പാർട്ടിയുടെ നേതൃത്വത്തിലും ഗവൺമെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവർത്തിച്ച ഉമ്മൻചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപൻ എന്നനിലക്കും ജനകീയ പ്രശ്നങ്ങൾ സമർഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖൻ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മൻചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 53 വർഷങ്ങൾ തുടർച്ചയായി എം.എൽ.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോൽവി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മൻചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടർച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനവും സ്മരണീയമാണ്"

Tags:    
News Summary - Cabinet meeting's honor to Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.