കൊച്ചി: കസ്റ്റഡിയിൽവെച്ച് എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പത്ത് വെള്ളപേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയതായി കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷരീഫ്. ഏഴുദിവസത്തെ കസ്റ്റഡിയിലെ ചോദ്യംചെയ്യലിനുശേഷം തിരികെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അന്വേഷണ ഏജൻസിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ഭീഷണിപ്പെടുത്തി മൊഴിയെടുത്തതായും സഹോദരനെയടക്കം യു.എ.പി.എ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞതായും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതിയിൽ റഊഫ് ബോധിപ്പിച്ചു.വൈകീട്ട് ആറിനുശേഷം ചോദ്യംചെയ്യരുതെന്ന കോടതി നിർദേശമുണ്ടായിരിക്കെ പലതവണ രാത്രിയും ചോദ്യംചെയ്തു. താൻ പറയുന്നത് എഴുതാതെ ഉദ്യോഗസ്ഥർ അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങൾ തെൻറ മൊഴിയായി എഴുതുകയാണ് ചെയ്തത്.
തനിക്ക് പരിചയം പോലുമില്ലാത്ത ആളുകളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് മൊഴി നല്കാന് നിര്‍ബന്ധിച്ചു. തെൻറ മുന്നില്‍വെച്ച് സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തി- ജഡ്ജിയോട് റഊഫ് പരാതിപ്പെട്ടു. സംഭവത്തില്‍ ഇ.ഡി ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത ജഡ്ജി, കോടതി കസ്റ്റഡിയിലുള്ള പ്രതികളോട് ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്കി.
നടന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും താക്കീത് ചെയ്തു. ചോദ്യംചെയ്യലിന് മൂന്നുദിവസത്തേക്കുകൂടി റഊഫിനെ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ നിർദേശപ്രകാരമാണ് കാമ്പസ് ഫ്രണ്ട് സംഘം ഹാഥറസിലേക്ക് പോയതെന്ന് ഇ.ഡി ആരോപിച്ചു. സംഘടനക്ക് സ്വന്തമായി അക്കൗണ്ടില്ലെന്നും പണം എത്തുന്നത് ഇയാളുടെ അക്കൗണ്ടിലേക്കാണെന്നും ഇ.ഡി അറിയിച്ചു.
എന്നാൽ, താൻ ഒമാനിൽ ട്രേഡിങ് കമ്പനി ജനറൽ മാനേജറാണെന്നും അക്കൗണ്ടിൽ വന്ന പണം കയറ്റുമതിയിലൂടെ ലഭിച്ചതാണെന്നും റഊഫ് ബോധിപ്പിച്ചു. അതിനിടെ, ഒരുവർഷത്തിനിടെ പോപുലർ ഫ്രണ്ടിെൻറ അക്കൗണ്ടിൽ നൂറുകോടി രൂപ എത്തിയതായി ഇ.ഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.