സർക്കാർ ജീവനക്കാർക്ക് സായാഹ്ന, ഓൺലൈൻ കോഴ്സുകൾ ചെയ്യാമോ? വ്യക്തത വരുത്തി പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സായാഹ്ന, പാർട് ടൈം കോഴ്സുകളോ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ കോഴ്സുകളോ ചെയ്യാമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തി ഉത്തരവിറങ്ങി. കോഴ്സുകളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദേശം ഇതുവരെ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ജീവനക്കാർ ചേർന്ന് പഠിക്കാൻ താല്പര്യപ്പെടുന്ന കോഴ്സ് തുടങ്ങുന്നതിന് രണ്ട് മാസം മുൻപായി വകുപ്പ് മേധാവിക്ക് അപേക്ഷ നൽകണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ വകുപ്പ് മേധാവി തീരുമാനമെടുക്കണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരിപഠനം നടത്താൻ അനുമതി നൽകൂവെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവിലെ മാർഗനിർദേശങ്ങൾ ഇങ്ങനെ

i. ജീവനക്കാർ ചേർന്ന് പഠിക്കാൻ താല്പര്യപ്പെടുന്ന കോഴ്സ് തുടങ്ങുന്നതിന് 2 മാസം മുൻപായി വകുപ്പ് മേധാവിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ii. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷയിന്മേൽ വകുപ്പ് മേധാവി തീരുമാനമെടുക്കേണ്ടതാണ്.

iii. കാലതാമസം ഒഴിവാക്കുന്നതിലേക്കായി ബന്ധപ്പെട്ട ജില്ലാ മേധാവി മുഖാന്തിരം വകുപ്പ് തലവന് നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അനുമതി നിഷേധിക്കുന്ന ഭരണാധികാരികൾ അപ്പീൽ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.

iv. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിലേക്കായി മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നൽകുവാൻ പാടുള്ളു. എന്നാൽ ഇത്തരം കോഴ്സുകളിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ ഓഫിസ് സമയത്തിൽ യാതൊരു ഇളവും അനുവദിക്കുന്നതല്ല.

V. ഓഫിസ് സമയത്ത് യാതൊരു വിധ ഓൺലൈൻ/ഓഫ്‌ലൈൻ കോഴ്‌സുകളിലും പങ്കെടുക്കുവാൻ പാടുള്ളതല്ല.

vi. മുൻകൂർ അനുമതി കൂടാതെ ഓൺലൈൻ/ഓഫ്‌ലൈൻ കോഴ്സുകളിൽ ചേർന്ന് പഠനം നടത്തുന്ന ജീവനക്കാർക്കെതിരെ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കാവുന്നതാണ്. 

VII. അടിയന്തര പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ ഔദ്യോഗിക നിർവഹണത്തിനായി ജീവനക്കാർ ഓഫിസ് പ്രവൃത്തി സമയം കഴിഞ്ഞും മേലധികാരിയുടെ നിർദ്ദേശാനുസരണം ഓഫീസിൽ സേവനം ലഭ്യമാക്കേണ്ടതാണ്.

VIII. ഇത്തരം സന്ദർഭങ്ങളിൽ പഠന കോഴ്സുകളിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ ജീവനക്കാർക്ക് ഹാജർ സംബന്ധമായ ഇളവുകൾ അനുവദിക്കേണ്ടതില്ല. ഈ നിർദ്ദേശം ലംഘിക്കുന്ന പക്ഷം സർക്കാർ നൽകിയ അനുമതി റദ്ദ് ചെയ്തതായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

ix. കോഴ്സുകളിൽ ചേർന്ന് പഠിക്കുന്ന ജീവനക്കാർക്ക് ഭരണ സൗകര്യാർഥം നടത്തുന്ന സ്ഥലംമാറ്റത്തിൽ നിന്നും മേൽ കാരണത്താൽ സംരക്ഷണം ലഭിക്കുന്നതല്ല.



Tags:    
News Summary - Can government employees do evening and online courses? new order Clarifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.