പാലക്കാട്: പതഞ്ജലി ഉൽപന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങൾ നൽകിയ കേസിൽ കോടതിയലക്ഷ്യ നടപടി നേരിട്ട ബാബാ രാംദേവിനും സഹായി ബാലകൃഷ്ണക്കുമെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ കേസ്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ൾ അഡ്വർടൈസ്മെന്റ്) ആക്ട് 1954 ലംഘിക്കുന്നെന്ന പരാതിയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ. സുജിത് കുമാറിന്റെ നിർദേശപ്രകാരം കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം. വർഗീസ് രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി-നാലിൽ പ്രോസിക്യൂഷൻ നടപടികൾക്കായി കേസ് ഫയൽ ചെയ്തത്.
പരാതികൾ ധാരാളം ഉയർന്നെങ്കിലും രാജ്യത്ത് ആദ്യമായാണ് ഡ്രഗ്സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിന്റെ നിർമാതാക്കളായ ദിവ്യ ഫാർമസിക്കെതിരെ കേസ് ഫയൽ ചെയ്ത് നിയമനടപടി തുടങ്ങുന്നത്. ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റിന്റെ പ്രസിഡന്റ് ബാബാ രാംദേവും ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണയും കേസിൽ മൂന്നും രണ്ടും പ്രതികളാണ്.
ഏപ്രിൽ ഒന്നിനാണ് കോഴിക്കോട് ഡ്രഗ്സ് ഇൻസ്പെക്ടർ കെ. നീതു കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. നിരോധിക്കപ്പെട്ട പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ ചട്ടം ലംഘിച്ചതിന് ദിവ്യ ഫാർമസിക്കെതിരെ പരാതികളുടെ അടിസ്ഥാനത്തിൽ ഇതുവരെ 29 പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ (എഫ്.ഐ.ആർ) സമർപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്- ഏഴ്, തിരുവനന്തപുരം-നാല്, തൃശൂർ- അഞ്ച്, കണ്ണൂർ- രണ്ട്, കൊല്ലം-അഞ്ച്, എറണാകുളം-ആറ് എന്നിങ്ങനെയാണ് എഫ്.ഐ.ആർ സമർപ്പിച്ചിട്ടുള്ളത്. ലൈംഗികപ്രശ്നങ്ങൾക്കും വന്ധ്യതക്കും ശാസ്ത്രീയ പരിഹാരമായി പതഞ്ജലിയുടേതായി പുറത്തിറക്കിയ അഞ്ചു മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
ആറു മാസം തടവോ പിഴയോ ആണ് ചട്ടത്തിലെ ശിക്ഷ. 2022 ഫെബ്രുവരി 22ന് ജനകീയാരോഗ്യ പ്രവർത്തകനായ ഡോ. ബാബു പതഞ്ജലിയുടെ ചില മരുന്നുകളുടെ പരസ്യപ്രചാരണത്തിന്റെ ചട്ടലംഘനം സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് പരാതി നൽകിയിരുന്നു.
2023 ഒക്ടോബർ മുതൽ സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശത്തിൽ നടപടി തുടങ്ങി. തെളിവിനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്വേഷിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവിൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിയമനടപടി കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.