തൊടുപുഴ: പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്. ശരത്തിനെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസെടുത്തു. ജോലി തടസപ്പെടുത്തൽ, സംഘർഷം തടയാനെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
സംഭവത്തിൽ ഒമ്പതു പേരെ പ്രതികളാക്കിയാണു കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസ്. മറ്റു പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. മർദനമേറ്റ പൊലീസുകാരൻ അക്രമത്തെക്കുറിച്ച് വ്യാഴാഴ്ച രാവിലെ തൊടുപുഴ ഡി.വൈ.എസ്.പിക്കു മൊഴി നൽകിയിരുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. എസ്.എഫ്.ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്.ശരത്തിെൻറ നേതൃത്വത്തിലെത്തിയ സംഘമാണ് എ.എസ്.ഐ ഉൾപ്പെടെ മൂന്നു പൊലീസുകാരെ ആക്രമിച്ചത്.
ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ തൊടുപുഴ പൊലീസ് സ്റ്റേഷനു മുന്നിലെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. മർദനത്തിെൻറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പ്രവേശനകവാടത്തിനു മുന്നിൽ നിൽക്കുകയായിരുന്ന തൊടുപുഴ ഐ.എച്ച്.ആർ.ഡി കോളജിലെ വിദ്യാർഥികളെ ലക്ഷ്യം വച്ചായിരുന്നു ഒരു സംഘം എത്തിയത്. ഇവർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതു സംഘർഷത്തിലേക്കു നീങ്ങിയതോടെ തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർക്കു മർദനമേൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.